സാമൂഹിക പ്രവര്‍ത്തകര്‍ തുണച്ചു; പ്രമേഹ ശസ്ത്രക്രിയക്ക് ശേഷം മലയാളി നാട്ടിലെത്തി

By Web TeamFirst Published Jul 13, 2020, 11:26 AM IST
Highlights

രോഗം വഷളായതിനാല്‍ കാലിന്റെ മുട്ടിന് കീഴ്ഭാഗം മുറിച്ച് മാറ്റാന്‍ വൈകിയിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 

റിയാദ്: പ്രമേഹരോഗിയായ മലയാളി ശസ്ത്രക്രിയക്ക് ശേഷം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞു. തിരുവനന്തപുരം വര്‍ക്കല കലമ്പലം സ്വദേശി രഞ്ജിത് പുരുഷോത്തമന്‍ (57) ആണ് ദമ്മാമിലെ നവോദയ സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ തുണയില്‍ നാട്ടിലെത്തിയത്. 

15 വര്‍ഷമായി ഇദ്ദേഹം പ്രമേഹരോഗിയാണ്. രോഗാവസ്ഥയിലും മുടങ്ങാതെ പണിക്ക് പോയിരുന്നു. കഴിഞ്ഞയാഴ്ച ഇടത്തേ കാലില്‍ നീര് വരികയും തൊലി പൊട്ടി നീരുംവെള്ളവും അസഹനീയ വേദന അനുഭവപ്പെടുകയുമായിരുന്നു. നവോദയ പ്രവര്‍ത്തകര്‍ ദമ്മാമിലെ തദവി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും സ്‌പോണ്‍സറുടെ മകനെ വിവരം അറിയിക്കുകയും ചെയ്തു. രോഗം വഷളായതിനാല്‍ കാലിന്റെ മുട്ടിന് കീഴ്ഭാഗം മുറിച്ച് മാറ്റാന്‍ വൈകിയിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 

33 വര്‍ഷമായി രഞ്ജിത് പ്രവാസിയാണ്. 1987ല്‍ ദമാം -ദല്ല സനാഇയയിലെ നമു അല്‍തുവൈജിരി എന്ന കാര്‍ വര്‍ക്ക്‌ ഷോപ്പില്‍ മെക്കാനിക്കയാണ് പ്രവാസം ആരംഭിക്കുന്നത്. നവോദയ ദല്ല യൂനിറ്റിലെ അംഗമായ ഇദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ മൂന്നു വര്‍ഷം മുേമ്പ മരണപ്പെട്ടിരുന്നു. അതിന് ശേഷം ഇഖാമയോ, ഇന്‍ഷുറന്‍സോ പുതുക്കിയിരുന്നില്ല. ബി.എസ്.സി.-എം.എല്‍.ടി ലാബ് ടെക്‌നീഷ്യന്‍ പഠനം പൂര്‍ത്തിയാക്കി ട്രൈനിയായ മകളും ഫയര്‍ ആന്‍ഡ് സേഫ്റ്റി പഠനം പൂര്‍ത്തിയാക്കിയ മകനും ഭാര്യയുമടങ്ങിയതാണ് കുടുംബം. 

നവോദയ സാമൂഹികക്ഷേമ സമിതി ചെയര്‍മാന്‍ ഇ.എം. കബീര്‍, നവോദയ ദല്ല ഏരിയ നേതാക്കളായ മനോഹരന്‍ പുന്നക്കല്‍, പ്രേംസി എബ്രഹാം, സുമേഷ് അന്തിക്കാട്, സി കെ ബിജു, പി വി ബിജു, രമേശന്‍, വിനു തുടങ്ങിയവരാണ് അദ്ദേഹത്തിന് എയര്‍പോര്‍ട്ടില്‍ യാത്രയയപ്പ് നല്‍കിയത്. അദ്ദേഹത്തിന് ആഹാരത്തിനുള്ള നവോദയയുടെ കിറ്റ് നല്‍കുകയും ചെയ്തു. നാട്ടില്‍ അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വര്‍ക്കല ജോയ് എംഎല്‍എയുടെ സഹായം അഭ്യര്‍ഥിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സഹായം ലഭ്യമായി.  

click me!