ഷാര്‍ജയിലെ സ്‍കൂളുകളില്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും

By Web TeamFirst Published Feb 26, 2021, 11:56 AM IST
Highlights

അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും സ്‍കൂളുകളില്‍ നേരിട്ട് എത്തേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനം അതത് സ്‍കൂളുകള്‍ക്ക് വിട്ടു. 

ഷാര്‍ജ: ഷാര്‍ജയിലെ സ്‍കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‍കൂളുകള്‍ക്കും നഴ്‍സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്‍ച അറിയിച്ചു. ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് അധികൃതരും വിദ്യാഭ്യാസ മന്ത്രാലയം, പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി എന്നിവയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

ഇ-ലേണിങ് തുടരുമ്പോള്‍ തന്നെ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങള്‍ അധികൃതര്‍ സൂക്ഷ്‍മമായി വിലയിരുത്തി ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതാവും നടപടികള്‍. അതേസമയം അധ്യാപകരും സ്‍കൂള്‍ ജീവനക്കാരും സ്‍കൂളുകളില്‍ നേരിട്ട് എത്തേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനം അതത് സ്‍കൂളുകള്‍ക്ക് വിട്ടു. രണ്ടാഴ്‍ചയിലൊരിക്കല്‍ നിര്‍ബന്ധ കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതത് ദിവസത്തെ റിപ്പോര്‍ട്ടുകള്‍ തമാം പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സ്‍കൂളുകളില്‍ നേരിട്ടുള്ള പഠനം പുനഃരാരംഭിക്കുന്നതിനായി എല്ലാവരും കൊവിഡ് വാക്സിനെടുക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 

click me!