സൗദിയിലെ ഒരു ഇന്ത്യൻ സ്കുളും ലാഭം പ്രതീക്ഷിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കാൻ സ്കുളിന് ചെലവുണ്ടെന്ന് രക്ഷിതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: ഫീസ് കുടിശികയുണ്ടെന്ന കാരണം പറഞ്ഞ് കുട്ടികൾക്ക് രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ നിഷേധിക്കരുതെന്ന് സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഫീസ് കുടിശികയുള്ള കുട്ടികൾക്ക് വെർച്വൽ ക്ലാസ്സ് നിഷേധിക്കരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സൗദിയിലെ ഒരു ഇന്ത്യൻ സ്കുളും ലാഭം പ്രതീക്ഷിച്ചല്ല പ്രവർത്തിക്കുന്നതെന്നും ഓൺലൈൻ ക്ലാസുകൾ സജ്ജീകരിക്കാൻ സ്കുളിന് ചെലവുണ്ടെന്ന് രക്ഷിതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം ഇൻറനാഷനൽ ഇന്ത്യൻ സ്കുളിൽ ഫീസ് കുടിശികയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ലെന്ന വ്യാപകപരാതി ഉയർന്നിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളാൽ സ്കൂൾ ഫീസടക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇളവ് നൽകണമെന്ന് രക്ഷാകർതൃസമിതി സ്കൂൾ ഭരണ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച നടക്കുന്ന സ്കുൾ പ്രിൻസിപ്പൽമാരുടേയും ഹയർബോർഡിന്റെയും യോഗത്തിൽ ഫീസിളവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമെന്നും അംബാസഡർ പറഞ്ഞു. നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വിവിധ ഫീസിനങ്ങളിൽ ചിലതിൽ ഇളവ് വരുത്തുന്നതിനെ കുറിച്ച് ആലോചിക്കും.