
അബുദാബി: രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാത്രിയിലുടനീളം ഇങ്ങനെ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാനിടുന്നത് തീപിടുത്തത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് പേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പൊലീസ് അറിയിപ്പ് നല്‍കിയത്.
ഫോണുകളില്‍ ചാര്‍ജ് നിറഞ്ഞാല്‍ പിന്നീട് അധികമായി ചാര്‍ജ്ജ് ചെയ്യപ്പെടുന്നതും അങ്ങനെ ഫോണ്‍ ചൂടാകുന്നതും തടയുന്ന സംവിധാനം ആധുനിക സ്മാര്‍ട്ട് ഫോണുകളിലും ചാര്‍ജറുകളിലുമുണ്ട്. എന്നാല്‍ ശരിയായ ചാര്‍ജറിലല്ലാതെ ഫോണ്‍ ഉപയോഗിക്കുന്നത് തീപിടുത്തത്തിന് കാരണമായേക്കും. വാര്‍ട്ട് ഹീറ്ററുകള്‍ ഓവനുകള്‍ പോലെ ധാരാളം വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളും രാത്രി ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്യണം. ഗ്യാസ് സിലിണ്ടറുകളും ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്ത് സൂക്ഷിക്കണമെന്നും പ്രദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
വീടുകളില്‍ സ്മോക് സെന്‍സറുകളും ഫയര്‍ അലാമും സ്ഥാപിക്കണമെന്നും അപകടങ്ങളുണ്ടാകുമ്പോള്‍ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അബുദാബിയിലെ ബനി യാസ് മേഖലയില്‍ വീടിന് തീപിടിച്ച് എട്ട് പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ ലിവിങ് റൂമില്‍ എ.സിക്ക് വേണ്ടി വൈദ്യുതി കണക്ഷന്‍ എക്സ്റ്റന്റ് ചെയ്തിരുന്ന സ്ഥലത്താണ് ആദ്യം തീപര്‍ന്നുപിടിച്ചത്. പുക പടര്‍ന്നപ്പോള്‍ ശ്വാസം മുട്ടിയാണ് എല്ലാവരും മരണപ്പെട്ടത്. ഉറക്കത്തിലായിരുന്നതിനാല്‍ ആര്‍ക്കും രക്ഷപെടാന്‍ സാധിച്ചില്ല. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അടക്കമുള്ളവര്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. ജനങ്ങളെ ബോധവത്കരിക്കുന്ന വീഡിയോ സന്ദേശങ്ങളും അധികൃതര്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam