
മനാമ: ബഹ്റൈനില്‍ ശസ്‍ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ കോടതി കുറ്റവിമുക്തരാക്കി. നേരത്തെ കീഴ്‍കോടതി 12 മാസം തടവിന് ശിക്ഷിച്ച രണ്ട് സ്വദേശി ഡോക്ടര്‍മാരാണ് അപ്പീലുമായി മേല്‍കോടതിയെ സമീപിച്ചത്. രോഗിയുടെ മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പിഴവാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
2019 ജൂണ്‍ 17ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ നടന്ന ഒരു ശസ്‍ത്രക്രിയയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ലൈല ഹസന്‍ എന്ന സ്വദേശി വനിത ശസ്‍ത്രക്രിയക്ക് ശേഷം കോമ അവസ്ഥയിലാവുകയും പിന്നീട് രണ്ട് മാസം കഴിഞ്ഞ് ഓഗസ്റ്റ് 17ന് മരണപ്പെടുകയുമായിരുന്നു. ശസ്‍ത്രക്രിയക്ക് ശേഷമുള്ള മേല്‍നോട്ടത്തില്‍ വീഴ്‍ച വരുത്തിയതാണ് മരണ കാരണമെന്നും ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ശസ്‍ത്രക്രിയ പൂര്‍ത്തിയായി രോഗി പൂര്‍ണമായി ബോധം വീണ്ടെടുക്കുന്നതിന് മുമ്പ് ഓപ്പറേഷന്‍ തീയറ്ററില്‍ നിന്ന് മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. എന്ത് ശസ്‍ത്രക്രികയക്കാണ് രോഗി വിധേയമായതെന്ന വിവരം കേസ് രേഖകളിലില്ല. അതേസമയം ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് സ്ഥാപിക്കാന്‍ തെളിവുകളില്ലെന്ന് അവരുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പീല്‍ കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ പിഴവ് രോഗിയുടെ മരണത്തിന് കാരണമായെന്ന് സ്ഥാപിക്കാന്‍ സാധിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഡോക്ടര്‍മാരുടെ പിഴവ് എന്താണെന്ന് ആരോപണങ്ങളില്‍ വ്യക്തമല്ല. രോഗിയുടെ ശരീരത്തില്‍ ഓക്സിജന്‍ കുറവായിരുന്നുവെന്ന് സംഭവം അന്വേഷിച്ച മെഡിക്കല്‍ പാനല്‍ കണ്ടെത്തിയെങ്കിലും മരണകാരണം എന്താണെന്ന് അവര്‍ക്കും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരെ കുറ്റവിമുക്തമാക്കിയത്. കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് രണ്ട് ഡോക്ടര്‍മാരെ തെളിവുകളുടെ അഭാവത്തില്‍ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam