
കുവൈത്ത് സിറ്റി: ശനിയാഴ്ച പുലർച്ചെ കുവൈത്തിന്റെ വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകൾ കുവൈത്ത് സൈന്യം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചതാണ് ആക്രമണ ഭീഷണിയെ ചെറുത്തതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ സൗദ് അൽ-അത്വാൻ വ്യക്തമാക്കി. വടക്കൻ കുവൈത്തിലെ പ്രമുഖ സർക്കാർ കേന്ദ്രത്തിനും ബുബിയാൻ ദ്വീപിൽ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങൾക്കും നേരെയാണ് ഇറാൻ ആക്രമണം ലക്ഷ്യമിട്ടതെന്ന് അൽ-അത്വാൻ പറഞ്ഞു.
തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധ സേന പൂർണ്ണ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ച് കൃത്യമായ സുരക്ഷാ നടപടികൾ ഏകോപിപ്പിച്ചു വരികയാണ്. പൗരന്മാരുടെയും രാജ്യത്തുള്ള വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി.
തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ശത്രുതാപരമായ നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനപരമായ ഇത്തരം നടപടികളിൽ നിന്നും ഇറാൻ പിന്തിരിയണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ആവശ്യമായ എല്ലാ ശക്തമായ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam