Latest Videos

40 ഗ്രൈന്‍ഡറുകളില്‍ 47 കോടിയുടെ മയക്കുമരുന്ന്; അജ്മാന്‍ പൊലീസിന്‍റെ ഗംഭീര ഓപ്പറേഷന്‍

By Web TeamFirst Published Aug 14, 2018, 5:53 PM IST
Highlights

അജ്മാൻ പൊലീസും യുഎഇ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. മേഖലയില്‍ സംശയം തോന്നിയവരെ സൂക്ഷമമായി നിരീക്ഷിച്ച ശേഷമായിരുന്നു റെയിഡ്. മൂന്ന് അറബ് പൗരന്‍മാര്‍ അറസ്റ്റിലായിട്ടുണ്ട്

അജ്മാന്‍: കൊള്ള സംഘങ്ങളും ലഹരി മരുന്ന് കടത്തുകാരും കള്ളക്കടത്തിനായി പല വിധത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തുന്നത്. ശരീരത്തിനുള്ളില്‍ പോലും ഇതിനുള്ള വഴി കണ്ടെത്തുന്നവരുണ്ട്. പൊലീസിന്‍റെ പിടിയിലകപ്പെടുമ്പോള്‍ അടുത്ത തവണ പുതിയ വഴി കണ്ടെത്തും.

കഴിഞ്ഞ ദിവസം അജ്മാന്‍ പൊലീസിന്‍റെ പിടിയിലകപ്പെട്ട കൊള്ളസംഘത്തിന്‍റെ രീതി ഏവരെയും ഞെട്ടിക്കുന്നതാണ്. ഗ്രൈന്‍ഡറുകളില്‍ കപ്പല്‍ ചരക്കാക്കി മാറ്റി വന്‍ തോതില്‍ ലഹരി മരുന്നുകള്‍ കടത്താനുള്ള ശ്രമമാണ് പൊലീസിന്‍റെ ഗംഭീര ഓപ്പറേഷനില്‍ പൊളിഞ്ഞടുങ്ങിയത്.

25 മില്യണ്‍ ദിർഹത്തിലധികം വില വരുന്ന ലഹരി മരുന്നുകളാണ് വന്‍ കൊളള സംഘം കടത്താന്‍ ശ്രമിച്ചത്. അതായത് 47 കോടിയിലധികം ഇന്ത്യന്‍ രൂപയുടെ ലഹരി മരുന്നൂണ്ടായിരുന്നെന്ന് അര്‍ത്ഥം. കപ്പല്‍ ചരക്കാക്കി കടത്താനുള്ള ശ്രമമായിരുന്നു അജ്മാന്‍ പൊലീസിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചത്.

2.5 മില്യൺ ലഹരി മരുന്നുകള്‍ കപ്പൽ ചരക്കുകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാനായി 40 ഗ്രൈൻഡറുകളിലും ഒരു വലിയ ഇലക്ട്രിക് ജനറേറ്ററിലുമാണ് ഇത് സൂക്ഷിച്ചിരുന്നത്. ഗ്രൈന്‍ഡറുകളാണെന്ന് മാത്രമെ ആര്‍ക്കും തോന്നു. എന്നാല്‍ അതിനകത്ത് കോടികളുടെ ലഹരിമരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ ഓപ്പറേഷന്‍. അൽ ജുർഫ് ഇൻട്രസ്ട്രി എരിയയിലെ ഒരു വെയർ ഹൗസിലായിരുന്ന പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കള്‍ കപ്പല്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു പദ്ധതി.

അജ്മാൻ പൊലീസും യുഎഇ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്നായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. മേഖലയില്‍ സംശയം തോന്നിയവരെ സൂക്ഷമമായി നിരീക്ഷിച്ച ശേഷമായിരുന്നു റെയിഡ്. മൂന്ന് അറബ് പൗരന്‍മാര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതിനു പിന്നിലുള്ള മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുമൈനി വ്യക്തമാക്കി.

 

Video: Bid to smuggle 2.5 million drug pills hidden in machines foiled in - https://t.co/cbCzGyzLUm pic.twitter.com/cF9ktaUgsQ

— Khaleej Times (@khaleejtimes)
click me!