മദ്യലഹരിയില്‍ 14കാരിയെ അപമാനിച്ച ഇന്ത്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Feb 17, 2019, 2:48 PM IST
Highlights

നിര്‍മ്മാണ തൊഴിലാളിയായ പ്രതി ദുബായിലെ ഒരു മെട്രോ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കുട്ടിയ ഉപദ്രവിച്ചുവെന്ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദുബായ്: മെട്രോ സ്റ്റേഷനില്‍ വെച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച ഇന്ത്യക്കാരന് ദുബായ് കോടതി ശിക്ഷ വിധിച്ചു. 14കാരിയെ കടന്നുപിടിക്കുകയും ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിക്കുകയും ചെയ്ത 32കാരനായ ഇന്ത്യന്‍ പൗരനാണ് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

നിര്‍മ്മാണ തൊഴിലാളിയായ പ്രതി ദുബായിലെ ഒരു മെട്രോ സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കുട്ടിയ ഉപദ്രവിച്ചുവെന്ന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെട്രോ സ്റ്റേഷനില്‍ ഗേറ്റിന് സമീപത്ത് നിന്ന് കൈയിലുണ്ടായിരുന്ന പണം ബാഗിലേക്ക് വെയ്ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു പ്രതി. ഭയന്നുപോയ പെണ്‍കുട്ടിക്ക് ഒഴിഞ്ഞുമാറാനോ ഉറക്കെ നിലവിളിക്കാനോ കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് തൊട്ടടുത്ത് കണ്ട ടിക്കറ്റിങ് ഓഫീസറോട് വിവരം പറ‌ഞ്ഞു. ഇയാള്‍ പ്രതിയെയും പെണ്‍കുട്ടിയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് എത്തിച്ചു.

മെട്രോ സ്റ്റേഷനിലെ പൊലീസ് പോയിന്റില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന് പ്രതി സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് സംഘമെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യലഹരിയിലായിരുന്നുവെന്നും എന്തിനാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇയാള്‍ പ്രോസിക്യൂഷനോട് പറഞ്ഞത്. അധികം തിരക്കില്ലാത്ത സ്ഥലത്തായിരുന്നു സംഭവം നടന്നത്. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു.

ആറ് മാസത്തെ ജയില്‍ ശിക്ഷക്ക് പുറമെ അനുമതിയില്ലാതെ മദ്യപിച്ച കുറ്റത്തിന് രണ്ടായിരം ദിര്‍ഹം പിഴയും നല്‍കണം. പ്രതിക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.

click me!