മദ്യ ലഹരിയില്‍ സ്ത്രീയെ അപമാനിച്ചു; ദുബൈയില്‍ യുവാവിന് ശിക്ഷ

By Web TeamFirst Published Aug 28, 2020, 3:59 PM IST
Highlights

രാത്രി രണ്ട് മണിക്ക് പാര്‍ക്കിങ് സ്ഥലത്തുനിന്ന് അപ്പാര്‍ട്ട്മെന്റിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നുവരികയായിരുന്ന 30കാരിയാണ് ആക്രമണത്തിനിരയായത്. യുവതിയെ പിന്തുടര്‍ന്ന് എത്തിയ ശേഷം അപമര്യാദയായി സ്‍പര്‍ശിച്ചു.

ദുബൈ: മദ്യ ലഹരിയില്‍ ഫിലിപ്പൈന്‍ സ്വദേശിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിന് ദുബൈ കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു.  ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വെച്ച് ജൂണ്‍ എട്ടിനായിരുന്നു സംഭവം നടന്നത്. സന്ദര്‍ശക വിസയില്‍ ദുബായില്‍ താമസിക്കുകയായിരുന്ന 38കാരനാണ് ശിക്ഷിക്കപ്പെട്ടത്. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.

രാത്രി രണ്ട് മണിക്ക് പാര്‍ക്കിങ് സ്ഥലത്തുനിന്ന് അപ്പാര്‍ട്ട്മെന്റിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നുവരികയായിരുന്ന 30കാരിയാണ് ആക്രമണത്തിനിരയായത്. യുവതിയെ പിന്തുടര്‍ന്ന് എത്തിയ ശേഷം അപമര്യാദയായി സ്‍പര്‍ശിച്ചു. ഭയന്നോടിയ അവര്‍ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. ഇതിനിടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപെട്ടു. എന്നാല്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ ഇയാള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അവിടുത്തെ സുരക്ഷാജീവനക്കാരനെ വിവരമറിയിക്കുയും അവിടെ തടഞ്ഞുവെയ്‍ക്കുകയുമായിരുന്നു. 

പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യപിച്ചിരുന്നതായി സമ്മതിച്ച ഇയാള്‍ താന്‍ യുവതിയെ ശല്യം ചെയ്തിട്ടില്ലെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ സംഭവം വ്യക്തമായിരുന്നു. ഇത് തെളിവായെടുത്താണ് ശിക്ഷ വിധിച്ചത്. 

click me!