15 മാസത്തിന് ശേഷം ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ തുറക്കുന്നു

By Web TeamFirst Published Jun 20, 2021, 10:42 PM IST
Highlights

ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട്, മൂന്ന് ടെര്‍മിനലുകളില്‍ നിന്ന്  നാല്‍പതിലധികം എയര്‍ലൈനുകള്‍ ഘട്ടംഘട്ടമായി ഒന്നാം ടെര്‍മിനലിലേക്ക് മാറും. 

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ദുബൈ വിമാനത്താവളത്തില്‍  കഴിഞ്ഞ 15 മാസമായി അടച്ചിട്ടിരുന്ന ഒന്നാം ടെര്‍മിനല്‍ തുറക്കുന്നു. ജൂണ്‍ 24 മുതല്‍ ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട്, മൂന്ന് ടെര്‍മിനലുകളില്‍ നിന്ന്  നാല്‍പതിലധികം എയര്‍ലൈനുകള്‍ ഘട്ടംഘട്ടമായി ഒന്നാം ടെര്‍മിനലിലേക്ക് മാറും. വിമാനത്താവളത്തെ കോണ്‍കോഴ്‍സ് - ഡി ഉള്‍പ്പെടുന്ന ഒന്നാം ടെര്‍മിനലിന് പ്രതിവര്‍ഷം 18 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ആദ്യഘട്ടമായി മൂന്നാം ടെര്‍മിനലില്‍ നിന്ന് ചില വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നാം ടെര്‍മിനലിലേക്ക് മാറ്റുകയായിരിക്കും ചെയ്യുക.

ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രവേശാനുമതി നല്‍കിയ തീരുമാനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നുവെന്ന അറിയിപ്പും വന്നത്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്കാണ് ദുബൈയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

click me!