
ദുബൈ: യാത്രക്കാര്‍ മറന്നുവെച്ച ബാഗുകളില്‍ ഒരു വര്‍ഷത്തിലേറെയായി ആരും തേടിയെത്താത്തവ കുറഞ്ഞ വിലക്ക് വില്‍ക്കുന്നെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ദുബൈ വിമാനത്താവളത്തിന്റെ പേരില്‍ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയത്. താല്‍പ്പര്യമുള്ളവര്‍ പോസ്റ്റിനൊപ്പം നല്കിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ലഗേജുകള്‍ ഒന്നിച്ച് കൂട്ടി വെച്ച ചിത്രം ഒപ്പം നല്‍കിയാണ് വ്യാജ പരസ്യം. എട്ട് ദിര്‍ഹത്തിന് ഒരു ലഗേജ് സ്വന്തമാക്കാമെന്നാണ് പരസ്യത്തില്‍ പറയുന്നത്. എയര്‍പോര്‍ട്ട് വെയര്‍ഹൗസ് കാലിയാക്കുന്നതിന്റെ ഭാഗമായാണ് വില്‍പ്പനയെന്നും ഇവര്‍ പറയുന്നു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതിനെതിരെ ദുബൈ വിമാനത്താവള അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഇത്തരത്തില്‍ വ്യാജ ലഗേജ് വില്‍പ്പന പരസ്യം ശ്രദ്ധയില്‍പ്പെട്ടെന്നും വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കരുതെന്നും ദുബൈ വിമാനത്താവള അധികൃതര്‍ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി അറിയിച്ചു.
ജനുവരി 16നാണ് ലഗേജ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പരസ്യവും ലിങ്കും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി മാത്രമാണ് വില്‍പ്പന നടത്തുന്നതെന്നും പരസ്യത്തില്‍ പറയുന്നു. രാജ്യത്താകെ ഡെലിവറി നല്‍കുമെന്നും 60 ദിവസത്തില്‍ റിട്ടേണ്‍ പോളിസി ഉണ്ടെന്നും പരസ്യത്തില്‍ ഇവര്‍ പറയുന്നു. നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ കൈക്കലാക്കുകയും പണം തട്ടുകയുമാണ് പോസ്റ്റിന് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്.
ദുബൈ വിമാനത്താവളത്തില്‍ ലഗേജ് നഷ്ടപ്പെട്ടാൽ, അവ വീണ്ടെടുക്കാൻ നിരവധി മാർഗങ്ങളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 042245383 എന്ന നമ്പറിൽ വിളിച്ചും അല്ലെങ്കിൽ പൊതു നമ്പറായ 042245555 എന്ന നമ്പറിൽ വിളിച്ചും നഷ്ടപ്പെട്ട കാര്യം അറിയിക്കാം. ദുബൈ വിമാനത്താവളത്തിലെ 1, 3 ടെർമിനലുകളിൽ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഓഫിസും പ്രവർത്തിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam