ദുബായ് ബസ് അപകടം; ഡ്രൈവറുടെ കുറ്റസമ്മതം നിലനില്‍ക്കില്ലെന്ന് വാദം

Published : Sep 19, 2019, 09:04 PM IST
ദുബായ് ബസ് അപകടം; ഡ്രൈവറുടെ കുറ്റസമ്മതം നിലനില്‍ക്കില്ലെന്ന് വാദം

Synopsis

അപകടത്തിന് കാരണമായത് അശാസ്ത്രീയമായി നിര്‍മിച്ച വേഗ നിയന്ത്രണ സംവിധാനമായിരുന്നെന്നാണ് ഡ്രൈവറുടെ അഭിഭാഷകന്‍ വാദിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇത് നിര്‍മിച്ചത്. വാഹനം ഇടിച്ചാല്‍ ആഘാതം കുറയ്ക്കുന്ന തരത്തിലായിരിക്കണം ഇത്തരം ബാരിയറുകള്‍ നിര്‍മിക്കുകയും സ്ഥാപിക്കുകയും ചെയ്യേണ്ടത്. 

ദുബായ്: 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഡ്രൈവര്‍ നേരത്തെ നടത്തിയ കുറ്റസമ്മതം നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ ഏഴ് വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡ്രൈവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വിധിക്കെതിരെ ഡ്രൈവര്‍ നല്‍കിയ അപ്പീലിന്മേല്‍ ഇന്ന് കോടതി വാദം കേട്ടു. ഒക്ടോബര്‍ 31ന് അപ്പീല്‍ കോടതി വിധി പറയും.

അപകടത്തിന് കാരണമായത് അശാസ്ത്രീയമായി നിര്‍മിച്ച വേഗ നിയന്ത്രണ സംവിധാനമായിരുന്നെന്നാണ് ഡ്രൈവറുടെ അഭിഭാഷകന്‍ വാദിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഇത് നിര്‍മിച്ചത്. വാഹനം ഇടിച്ചാല്‍ ആഘാതം കുറയ്ക്കുന്ന തരത്തിലായിരിക്കണം ഇത്തരം ബാരിയറുകള്‍ നിര്‍മിക്കുകയും സ്ഥാപിക്കുകയും ചെയ്യേണ്ടത്. അത് പാലിക്കാത്തതാണ് വലിയ അപകടത്തിന് കാരണമായതെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. അനുവദനീയമായതിലും ഇരട്ടി വേഗതയിലാണ് ഡ്രൈവര്‍ അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് സാങ്കേതിക പരിശോധനയില്‍ തെളിഞ്ഞിരുന്നു.  എന്നാല്‍ റോഡ് എഞ്ചിനീയറിങ് വിദഗ്ധനെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പ്രതിഭാഗം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. ഒമാന്‍ പൗരനായ ഡ്രൈവര്‍ കേസിന്റെ വാദം നടക്കുമ്പോള്‍ കോടതിയിലുണ്ടായിരുന്നു. 

അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ തെറ്റായ പ്രവൃത്തി അപകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് 53കാരനായ ഒമാനി പൗരന്‍ പറഞ്ഞത്. ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 30യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.  പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും. മരണപ്പെട്ട 17 പേരില്‍ മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ