വിമാനാപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 4.6 കോടി നഷ്ടപരിഹാരം

By Web TeamFirst Published Mar 1, 2019, 10:01 PM IST
Highlights

നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതിനെതിരെ ഫ്ലൈ ദുബായ് കമ്പനി നല്‍കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. നഷ്ടപരിഹാരത്തുക വൈകിയതിന് പ്രതിവര്‍ഷം ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഫ്ലൈ ദുബായിയുടെ FZ981 വിമാനം 2016 മാര്‍ച്ച് 19നാണ് റഷ്യയില്‍ തകര്‍ന്നത്. 

ദുബായ്: വിമാനാപകടത്തില്‍ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 24 ലക്ഷം ദിര്‍ഹം (ഏകദേശം 4.6 കോടി ഇന്ത്യന്‍ രൂപ) നഷ്ട പരിഹാരം നല്‍കാന്‍ വിധി. 2016ല്‍ റഷ്യയില്‍ വെച്ച് ഫ്ലൈ ദുബായ് വിമാനം തകര്‍ന്ന സംഭവത്തിലാണ് റഷ്യന്‍ ദമ്പതികളുടെ മക്കള്‍ ദുബായ് സിവില്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഇവര്‍ക്ക് എട്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കീഴ്‍കോടതി വിധിച്ചിരുന്നു ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് വിധി വന്നത്.

നഷ്ടപരിഹാരത്തുക ഉയര്‍ത്തുന്നതിനെതിരെ ഫ്ലൈ ദുബായ് കമ്പനി നല്‍കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. നഷ്ടപരിഹാരത്തുക വൈകിയതിന് പ്രതിവര്‍ഷം ഒന്‍പത് ശതമാനം പലിശയും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഫ്ലൈ ദുബായിയുടെ FZ981 വിമാനം 2016 മാര്‍ച്ച് 19നാണ് റഷ്യയില്‍ തകര്‍ന്നത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ലാന്റ് ചെയ്യാന്‍ ശ്രമിക്കവെയായിരുന്നു അപകടം. 55 യാത്രക്കാരും ഏഴ് ജീവനക്കാരും ഉള്‍പ്പെടെ 62 പേരാണ് അന്ന് മരിച്ചത്. ഏഴ് കോടിയോളം ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് റഷ്യന്‍ ദമ്പതികളുടെ മക്കള്‍ ഹര്‍ജി നല്‍കിയത്. വിധിക്കെതിരെ 60 ദിവസത്തിനുള്ളില്‍ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും. മോശം കാലാവസ്ഥയുള്ള സാഹചര്യത്തില്‍ അതിനെ നേരിടുന്നതിനുള്ള പ്രൊഫഷണല്‍ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അന്വേഷണം നടത്തിയ റഷ്യന്‍ ഏജന്‍സി കണ്ടെത്തിയിരുന്നു. 

click me!