യുഎഇയില്‍ ജ്വല്ലറിയില്‍ നിന്ന് 12 കിലോ സ്വര്‍ണം മോഷ്ടിച്ചവരെ പൊലീസ് കുടുക്കി

By Web TeamFirst Published Mar 1, 2019, 6:57 PM IST
Highlights

തൊഴില്‍ രഹിതരായ മൂന്നംഗ സംഘമാണ് ബനി യാസിലെ ജ്വല്ലറി ഷോറൂമില്‍ നിന്ന് സ്വര്‍ണം അപഹരിച്ചത്. രാവിലെ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന മൂന്ന് പേരും ജ്വല്ലറിയിലെത്തിയിരുന്നു. ഇവിടുത്തെ സുരക്ഷാ സംവിധാനവും മറ്റ് കാര്യങ്ങളും നിരീക്ഷിച്ചശേഷം രാത്രി തിരികെയെത്തിയായിരുന്നു മോഷണം. 

അബുദാബി: ജ്വല്ലറിയില്‍ നിന്ന് 12 കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ച മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. 24 ലക്ഷം ദിര്‍ഹം (4.6 കോടിയിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന ആഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.

തൊഴില്‍ രഹിതരായ മൂന്നംഗ സംഘമാണ് ബനി യാസിലെ ജ്വല്ലറി ഷോറൂമില്‍ നിന്ന് സ്വര്‍ണം അപഹരിച്ചത്. രാവിലെ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന മൂന്ന് പേരും ജ്വല്ലറിയിലെത്തിയിരുന്നു. ഇവിടുത്തെ സുരക്ഷാ സംവിധാനവും മറ്റ് കാര്യങ്ങളും നിരീക്ഷിച്ചശേഷം രാത്രി തിരികെയെത്തിയായിരുന്നു മോഷണം. 12 കിലോഗ്രാം സ്വര്‍ണം ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു ഫ്ലാറ്റില്‍ ഒളിപ്പിച്ചു. മറ്റ് ജ്വല്ലറികളില്‍ വിറ്റഴിച്ച് ലാഭം പങ്കിട്ടെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ മോഷണം നടന്നയുടന്‍ ലഭ്യമായ സൂചനകള്‍ പിന്തുടര്‍ന്ന് അബുദാബി പൊലീസ് ഇവരെ കുടുക്കുകയായിരുന്നു. തൊണ്ടിമുതലും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങള്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി ആശ്യപ്പെട്ടു.

click me!