
ദുബൈ: മസാജ് പാര്‍ലറിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 100 ദിര്‍ഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 19ന് നടന്ന സംഭവത്തില്‍ പ്രതിയായ അഫ്ഗാന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്‍തു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മെറ്റല്‍ വയറുപയോഗിച്ച് കഴുത്തില്‍ മുറുക്കുകയും ചെയ്‍തു.
മസാജിനിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി നല്‍കിയ 100 ദിര്‍ഹം യുവതി തിരികെ നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതി അക്രമാസക്തനായത്. നിര്‍മാണ തൊഴിലാളിയായ ഇയാള്‍ക്കെതിരെ നിയമ വിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനും മോഷണത്തിനും സ്വകാര്യ സ്വത്തിന് നാശനഷ്‍ടങ്ങളുണ്ടാക്കിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്. യുവതിയുടെ സ്വര്‍ണ ചെയിനും മോതിരവും പ്രതി മോഷ്‍ടിക്കുകയും സ്ഥാപനത്തിലെ ക്യാമറകളുടെ കേബിളുകള്‍ നശിപ്പിക്കുകയും ചെയ്‍തു. അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.
ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഒരു മസാജ് പാര്‍ലറിലാണ് സംഭവം നടന്നത്. ഫോറന്‍സിക് പരിശോധനയില്‍ കൊലപാതകമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്‍തു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. യുവതിയുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും പിടിക്കപ്പെടാതിരിക്കാന്‍ ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്‍തു. ജോലി സ്ഥലത്തുനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസില്‍ നവംബറിന് ഒന്നിന് വാദം തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam