ദുബായ് - കൊച്ചി എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടും: പോകേണ്ടിയിരുന്നത് ഇന്നലെ ഉച്ചക്ക് 1.30ന്

By Web TeamFirst Published Jul 28, 2019, 7:47 PM IST
Highlights

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടേണ്ട വിമാനം 24 മണിക്കൂറിലധികം പിന്നിട്ടാണ് യാത്ര തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. കുട്ടികളും വൃദ്ധരുമടക്കം മുന്നൂറോളം പേരാണ് യാത്ര മുടങ്ങി കുടുങ്ങിക്കിടന്നത്. 

ദുബായ്: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഒടുവിൽ ഉടൻ യാത്ര പുറപ്പെടുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ. 29 മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് വിമാനം ഉടൻ യാത്ര തിരിക്കുമെന്ന വിവരം കിട്ടിയത് കേന്ദ്രമന്ത്രി ഇടപെട്ടാണ്. കേന്ദ്ര വ്യോമയാനമന്ത്രിയെ വിളിച്ച് സംസാരിച്ചെന്നും യുഎഇ സമയം വൈകിട്ട് 7.30-യോടെ വിമാനം പുറപ്പെടുമെന്നും വി മുരളീധരൻ ട്വീറ്റ് ചെയ്തു.

Spoke to Shri ji, Hon’ble MoS (IC) for Civil Aviation on more than 29 hours delay of AI 934 Dubai-Kochi flight. The issue has been sorted out. Flight is scheduled to take off at 7.30 pm tonight UAE time.

— V Muraleedharan (@VMBJP)

പ്രായമായവരും പിഞ്ചുകുട്ടികളും അടക്കം മുന്നൂറോളം യാത്രക്കാരാണ് യാത്ര എപ്പോഴെന്നറിയാതെ കുടുങ്ങിയത്. ബോര്‍ഡിംഗ് പാസ്സെടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.

സാങ്കേതിക തകരാറെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. പിന്നാലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാൽ വൈകിട്ട് നാലര വരെ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തിൽ യാത്രക്കാർക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. വേറെ വിമാനത്തിൽ കയറ്റി നാട്ടിലെത്തിക്കുമോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിരുന്നില്ല.

''നെഞ്ച് വേദനയുണ്ടായതിനാൽ ഒരു രോഗിയായ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. നിലവിൽ ഞങ്ങൾ ഹോട്ടലിൽ തുടരുകയാണ്. എപ്പോൾ വിമാനം പുറപ്പെടുമെന്ന് ചോദിച്ച് റിസപ്ഷനിൽ വിളിക്കുമ്പോൾ ഇതുവരെ വിവരം കിട്ടിയിട്ടില്ലെന്നാണ് പറയുന്നത്'', എന്നാണ് യാത്രക്കാരനായ അനസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

click me!