സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്‍തു; യുഎഇയില്‍ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Oct 9, 2021, 10:59 AM IST
Highlights

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് പിന്നീട് വിശ്വാസം സമ്പാദിച്ചു. പിന്നീട് പല സമയത്തായി പെണ്‍കുട്ടി തന്റെ ഫോട്ടോകളും വീഡിയോകളും യുവാവിന് അയച്ചുകൊടുത്തു. 

ദുബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ (Cyber blackmailing) ചെയ്‍ത യുവാവ് ദുബൈയില്‍ (Dubai) അറസ്റ്റിലായി. പെണ്‍കുട്ടിയുടെ കുടുംബം ദുബൈ സ്‍മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ (Dubai Smart Police Station) വഴി പരാതി നല്‍കി 24 മണിക്കൂറിനകം തന്നെ പ്രതിയെ പിടികൂടിയതായി ബര്‍ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്‍ദുല്ല ബിന്‍ സുറൂര്‍ പറഞ്ഞു.

പെണ്‍കുട്ടി അയച്ചുകൊടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെയായിരുന്നു യുവാവ് ബ്ലാക് മെയില്‍ ചെയ്‍തതെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് പിന്നീട് വിശ്വാസം സമ്പാദിച്ചു. പിന്നീട് പല സമയത്തായി പെണ്‍കുട്ടി തന്റെ ഫോട്ടോകളും വീഡിയോകളും യുവാവിന് അയച്ചുകൊടുത്തു. എന്നാല്‍ ഇത് സൂക്ഷിച്ചുവെച്ച യുവാവ് ബ്ലാക്‌മെയില്‍ ചെയ്യാനായി ഉപയോഗിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ എപ്പോഴും ജാഗരൂഗരായിരിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിചയമില്ലാത്തവരുമായോ സംശയകരമായി തോന്നുന്നവരുമായോ വ്യക്തി വിവരങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെയ്‍ക്കരുത്. ഓണ്‍ലൈനായി ബ്ലാക്‌മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ ഇവ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ സംശയകരമായ വെബ്‍സൈറ്റുകളുടെയോ സൈബര്‍ ക്രിമിനലുകളുടെയോ കെണികളില്‍ വീണുപോകാതെ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. 

click me!