
ദുബൈ: യൂറോപ്പിലെ ലഹരിമരുന്ന് കള്ളക്കടത്ത് സംഘത്തലവനായ ഫ്രഞ്ച് പൗരനെ പിടികൂടി ദുബൈ പൊലീസ്. 'ദി ഗോസ്റ്റ്' എന്നറിയപ്പെടുന്ന 39കാരനായ മൊഫൂദി ബൗച്ചിബിയാണ് ദുബൈ പൊലീസിന്റെ പിടിയിലായത്.
രാജ്യാന്തര തലത്തില്‍ വന്‍ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയിരുന്ന ഇയാള്‍ കഴിഞ്ഞ 10 വര്‍ഷമായി വ്യാജരേഖകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി യാത്ര ചെയ്യുകയായിരുന്നു. ഇയാളുടെ 20 വര്‍ഷം മുമ്പെടുത്ത ഒരു ഫോട്ടോ മാത്രമായിരുന്നു ഫ്രഞ്ച് ഏജന്‍സികളുടെ കൈവശം ഉണ്ടായിരുന്നത്. പിന്നീട് ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തിയ ദുബൈ പൊലീസ് ബൗച്ചിബിയുടെ ഒളിത്താവളം കണ്ടെത്തി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.
ദുബൈയില്‍ എത്തിയ ശേഷം വ്യാജ പേരുകളുപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇന്റര്‍പോളിന്റെ നിര്‍ദ്ദേശം ലഭിച്ച ഉടന്‍ ദുബൈ പൊലീസ് ഇയാളെ പിടികൂടുന്നതിനുള്ള നീക്കങ്ങള്‍ നടത്തുകയായിരുന്നു. ഫ്രഞ്ച് ആന്റി നര്‍ക്കോട്ടിക്‌സ് ഏജന്‍സിയും ദുബൈ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ബൗച്ചിബിയെ പിടികൂടിയത്. എല്ലാ വര്‍ഷവും യൂറോപ്പില്‍ നിന്ന് ആഗോള വിപണിയില്‍ ഏകദേശം 70 മില്യന്‍ യൂറോ മൂല്യമുള്ള 60 ടണ്‍ ലഹരിമരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ ലഹരിമരുന്ന് കള്ളക്കടത്തിന്റെ പ്രധാന ഏജന്റാണ് അറസ്റ്റിലായ ബൗച്ചിബി. ഇയാളെ 2015ല്‍ 20 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു.
ദുബൈ പൊലീസിന്റെയും അന്താരാഷ്ട്ര നിയമ സംവിധാനങ്ങളുടെയും സഹകരണത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി വ്യക്തമാക്കി. ബൗച്ചിബിയെ പിടികൂടിയ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. ലഹരിമരുന്നുമായി ബന്ധപ്പെട്ട് ദുബൈ പൊലീസ് നടത്തുന്ന നീക്കങ്ങളെയും ബൗച്ചിബിയെ അറസ്റ്റ് ചെയ്ത നടപടിയെയും ഫ്രഞ്ച് ജുഡീഷ്യറി ഡയറക്ടര്‍ ജെറോമി ബോണെറ്റ് അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam