സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും റെസിഡൻസ് അഫയേഴ്സ് വിഭാഗവും സംയുക്തമായാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഡിജിറ്റൽ പരിവർത്തനത്തിന്‍റെ ഭാഗമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി (ആർട്ടിക്കിൾ 18) കുവൈത്ത് ആഭ്യന്തര മന്ത്രാലയം രണ്ട് പുതിയ ഇലക്ട്രോണിക് സേവനങ്ങൾ കൂടി ആരംഭിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസും റെസിഡൻസ് അഫയേഴ്സ് വിഭാഗവും സംയുക്തമായാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് (ആർട്ടിക്കിൾ 18) ആദ്യമായി റെസിഡൻസി പെർമിറ്റ് എടുക്കുന്നതിനുള്ള അപേക്ഷകൾ ഇനി ഓൺലൈൻ വഴി സമർപ്പിക്കാം. ആർട്ടിക്കിൾ 18ൽ നിന്ന് ആർട്ടിക്കിൾ 14 പ്രകാരമുള്ള താൽക്കാലിക റെസിഡൻസിയിലേക്ക് വിസ മാറ്റുന്നതിനുള്ള സേവനവും ഇപ്പോൾ ഡിജിറ്റലായി ലഭ്യമാണ്. റെസിഡൻസ് അഫയേഴ്സ് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്പോൺസർമാർക്കോ കമ്പനികൾക്കോ തങ്ങളുടെ ജീവനക്കാരുടെ വിസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാം. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിലൂടെ കുവൈത്തിലെ താമസരേഖകൾ സംബന്ധിച്ച നടപടികൾ കുറ്റമറ്റതാക്കാനാണ് ആഭ്യന്തര മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.