കൊവിഡിന്‍റെ മറവില്‍ ജോലി തട്ടിപ്പ്; ഇരയായത് നൂറിലേറെ ആളുകള്‍, വ്യാജസംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

By Web TeamFirst Published Sep 7, 2020, 6:59 PM IST
Highlights

മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത ഇവര്‍ റിക്രൂട്ട്‌മെന്റ് ഫീസ്, നികുതി, അഭിമുഖം ബുക്കിങ് ഫീസ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അനധികൃതമായി പണം ഈടാക്കിയിരുന്നു.

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ പേരില്‍ പരസ്യം നല്‍കി 150ഓളം പേരില്‍ നിന്നാണ് ഇവര്‍ പണം തട്ടിയെടുത്തത്.

മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത ഇവര്‍ റിക്രൂട്ട്‌മെന്റ് ഫീസ്, നികുതി, അഭിമുഖം ബുക്കിങ് ഫീസ് എന്നിങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അനധികൃതമായി പണം ഈടാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ തൊഴില്‍ തേടുന്നവരുടെ എണ്ണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ 150 പേരെയാണ് ഇത്തരത്തില്‍ വ്യാജസംഘം തട്ടിപ്പിനിരയാക്കിയതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ വ്യാപകമായി പരസ്യങ്ങള്‍ നല്‍കിയിരുന്നത്. മികച്ച ജോലിയും ശമ്പളവും വാഗ്ദാനംചെയ്തു. ഇതില്‍ ഓരോ അപേക്ഷകരില്‍ നിന്നും 1000 മുതല്‍ 3000 ദിര്‍ഹം വരെ അപേക്ഷാ-വിസാ നടപടിക്രമങ്ങള്‍ക്കായി ഈടാക്കിയിരുന്നെന്ന് ആന്റി ഫ്രോഡ് വിഭാഗം ഡയറക്ട് ക്യാപ്റ്റന്‍ അഹമ്മദ് സുഹൈല്‍ അല്‍ സമാഹി പറഞ്ഞു. ജോലി ലഭിക്കാതെ വന്നതോടെ പലരും ഏജന്‍സിയെ സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

ദുബായ് ഡിഐഡി ജനറല്‍ വകുപ്പ് ഇക്കണോമിക് ക്രൈംസ് കണ്‍ട്രോള്‍ വിഭാഗം രൂപീകരിച്ച് തട്ടിപ്പ് വ്യാജ പരസ്യം നല്‍കുന്നവരെ നിരീക്ഷിച്ച് വരികയായിരുന്നു. മാനവവിഭവ ശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോള്‍ വിഭാഗത്തിന് ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് ഡയറക്ടര്‍ കേണല്‍ സലാഹ് ജുമാ ബുസായിബ വ്യക്തമാക്കി. ഇതിന്റെ നടത്തിപ്പുകാരനായ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്‌തു. ഇവരില്‍ നിന്ന് പണവും റസീപ്റ്റുകളും കണ്ടെത്തി.

ജോലി തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥ റിക്രൂട്ടിങ് ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കില്ലെന്നും വളരെ വ്യക്തിപരമായ വിവരങ്ങള്‍ തേടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

click me!