മാസ്‌ക് ധരിക്കാത്തത് മുതല്‍ ലഹരി ഇടപാടുകള്‍ വരെ; ദുബൈയില്‍ 'ഡ്രോണില്‍ കുടുങ്ങിയത്' 4,400 നിയമലംഘനങ്ങള്‍

By Web TeamFirst Published May 28, 2021, 2:26 PM IST
Highlights

നായിഫിലെ രണ്ടു മേഖലകളില്‍ പൈലറ്റ് ആവശ്യമില്ലാത്ത ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ സംവിധാനം വിജയകരമായതോടെയാണ് ഈ മേഖലകള്‍ ഡ്രോണുകളുടെ നിരീക്ഷണത്തിലാക്കിയത്.

ദുബൈ: ഈ വര്‍ഷം ആദ്യ മൂന്നുമാസത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലൂടെ ദുബൈ പൊലീസ് കണ്ടെത്തിയത് 4,400 നിയമലംഘനങ്ങള്‍. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കാത്തിനാണ് 518 പേര്‍ക്ക് പിഴ ചുമത്തിയത്. തിരക്കേറിയ നായിഫില്‍ അനുമതിയില്ലാതെ റോഡ് മുറിച്ചുകടന്നതിന്  37 പേരെയും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തി.

2,933 ഗതാഗത നിയമലംഘനങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. പിടിച്ചെടുക്കാനുള്ള 159 വാഹനങ്ങള്‍ കണ്ടെത്താനും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന സഹായിച്ചു. ലഹരിമരുന്ന് ഇടപാടുകള്‍ പിടികൂടാനും ഡ്രോണുകള്‍ സഹായകമായി. നായിഫിലെ രണ്ടു മേഖലകളില്‍ പൈലറ്റ് ആവശ്യമില്ലാത്ത ഇത്തരം ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ സംവിധാനം വിജയകരമായതോടെയാണ് ഈ മേഖലകള്‍ ഡ്രോണുകളുടെ നിരീക്ഷണത്തിലാക്കിയത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കൃത്യതയോടെ പകര്‍ത്താനും ഡ്രോണുകള്‍ സഹായിക്കും. വാഹനങ്ങള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഫലപ്രദമായ വേഗമേറിയ നിരീക്ഷണ സംവിധാനമാണ് ഡ്രോണുകള്‍. 


 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!