Latest Videos

യുഎഇയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; ആസൂത്രിത നീക്കത്തിലൂടെ പൊലീസ് കുടുക്കിയത് രാജ്യാന്തര സംഘത്തെ

By Web TeamFirst Published Oct 25, 2020, 11:28 AM IST
Highlights

ദുബൈയിലെ ഒരു വെയര്‍ഹൗസിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. വെയര്‍ഹൗസ് കണ്ടെത്തിയ പൊലീസ് രണ്ടു പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു.

ദുബൈ: വന്‍ തോതില്‍ ലഹരി മരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്നംഗ രാജ്യാന്തര സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്ത് 33 കിലോ ക്രിസ്റ്റല്‍ രൂപത്തിലുള്ള മെതഡിന്‍ വില്‍ക്കാനാണ് സംഘം ശ്രമിച്ചതെന്ന് പൊലീസ് ശനിയാഴ്ച അറിയിച്ചു.

ദുബൈ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ജ പൊലീസിന്റെ സഹകരണത്തോടെ 'സ്റ്റെപ് ബൈ സ്റ്റെപ്' എന്ന പേരില്‍ നടത്തിയ ആസൂത്രിത നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയതെന്ന് ദുബൈ പൊലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മെറി പറഞ്ഞു. ദുബൈയിലെ ഒരു വെയര്‍ഹൗസിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. വെയര്‍ഹൗസ് കണ്ടെത്തിയ പൊലീസ് രണ്ടു പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നെന്ന് ദുബൈ പൊലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു. 

രണ്ട് പ്രതികള്‍ ചേര്‍ന്ന് 22 കിലോ ലഹരിമരുന്ന് ഷാര്‍ജ വ്യവസായ മേഖലയിലേക്ക് മാറ്റുന്നതിനിടെ ഷാര്‍ജ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയതെന്ന് ബ്രിഗേഡിയര്‍ ഹാരിബ് കൂട്ടിച്ചേര്‍ത്തു. സംഘത്തിലെ മൂന്നാമന്‍ വെയര്‍ ഹൗസിലെത്തി 11 കിലോ ലഹരിമരുന്ന് ഷാര്‍ജയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇവര്‍ ലഹരിമരുന്ന് കടത്തിയത്. സംഘത്തിലെ രണ്ടുപേര്‍ 22,000 ദിര്‍ഹത്തിനും മൂന്നാമത്തെയാള്‍ 3,500 ദിര്‍ഹത്തിനുമാണ് ലഹരിമരുന്ന് വില്‍പ്പനയ്ക്ക് ശ്രമിച്ചത്. പ്രതികളെ തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

| شرطة دبي تُطيح بتشكيل عصابي دولي وتُحبط ترويج 33 كيلوجرام من الكريستال

التفاصيل:https://t.co/fVqW2cVCL1 pic.twitter.com/BbqQF1OpGM

— Dubai Policeشرطة دبي (@DubaiPoliceHQ)
click me!