വന്‍ തുക വിലമതിക്കുന്ന വജ്രം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; സിസിടിവി പരിശോധിച്ച പൊലീസ് കണ്ടത്...

By Web TeamFirst Published Mar 1, 2021, 10:38 PM IST
Highlights

പാര്‍ക്കിങിലാണോ ഹോട്ടലിലാണോ വജ്രം നഷ്ടപ്പെട്ടതെന്ന് യുവതിക്ക് ഉറപ്പില്ലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബര്‍ ദുബൈ പൊലീസ് സംഘം ഹോട്ടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും വജ്രം കണ്ടെത്താനായില്ല.

ദുബൈ: കളഞ്ഞുപോയ വന്‍തുക വിലമതിക്കുന്ന വജ്രം നാല് മണിക്കൂറിനുള്ളില്‍ ഉടമയ്ക്ക് കണ്ടെത്തി നല്‍കി ദുബൈ പൊലീസ്. ദുബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതിയുടെ വജ്രം നഷ്ടമായത്. തുടര്‍ന്ന് അവര്‍ ദുബൈ പൊലീസില്‍ വിവരം അറിയിച്ചു.

പാര്‍ക്കിങിലാണോ ഹോട്ടലിലാണോ വജ്രം നഷ്ടപ്പെട്ടതെന്ന് യുവതിക്ക് ഉറപ്പില്ലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബര്‍ ദുബൈ പൊലീസ് സംഘം ഹോട്ടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും വജ്രം കണ്ടെത്താനായില്ല. പിന്നീട് സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ യൂറോപ്പ് സ്വദേശിയായ ഒരാള്‍ ഹോട്ടലിലെ തറയില്‍ നിന്ന് എന്തോ ഒരു വസ്തു പെറുക്കി എടുക്കുന്ന ദൃശ്യം കണ്ടു. ഹോട്ടലില്‍ തന്നെ താമസിക്കുന്നയാളാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചില്ല.

പിന്നീട് മുറിയില്‍ നടത്തിയ തെരച്ചിലില്‍ ഹാന്‍ഡ് ബാഗില്‍ നിന്ന് വജ്രം കണ്ടെത്തി. തനിക്ക് ഹോട്ടലിലെ തറയില്‍ നിന്ന് കിട്ടിയതാണെന്നും ഉടമയെ അറിയാത്തത് കൊണ്ട് ബാഗില്‍ സൂക്ഷിച്ചതാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. വജ്രം ലഭിച്ചതോടെ ഉടമസ്ഥയായ യുവതിയെ വിളിച്ചുവരുത്ത് പൊലീസ് ഇത് കൈമാറുകയായിരുന്നു. നാലു മണിക്കൂറിനകമാണ് വജ്രം കണ്ടെത്തി കൈമാറിയത്. വിലപിടിപ്പുള്ള വസ്തുക്കളോ രേഖകളോ പണമോ കളഞ്ഞുകിട്ടിയാല്‍ പൊലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 
 

click me!