രാജകീയ വിവാഹ ആഘോഷങ്ങള്‍ക്ക് ദുബായ് അണിഞ്ഞൊരുങ്ങുന്നു

By Web TeamFirst Published Jun 2, 2019, 11:09 AM IST
Highlights

ദുബായ് വേള്‍ഡ് ട്രേ‍ഡ് സെന്ററില്‍ വെച്ച് ജൂണ്‍ ആറിനാണ് വിവാഹാഘോഷ ചടങ്ങുകള്‍. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് അതിഥികള്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിലെത്തും. 

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാരുടെ വിവാഹ ചടങ്ങുകള്‍ക്കായി അണിഞ്ഞൊരുങ്ങുകയാണ് ദുബായ് നഗരം.  ചെറിയ പെരുന്നാള്‍ അവധിക്കാലത്താണ് വിവാഹം. നേരത്തെ മേയ് 15ന് സ്വകാര്യ ചടങ്ങില്‍ വെച്ച് ഇസ്ലാമിക രീതിയിലുള്ള വിവാഹ ചടങ്ങുകളും വിവാഹ കരാറില്‍ ഒപ്പുവെയ്ക്കലും നടന്നിരുന്നു.

ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (36) ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനെയാണ് ജീവിത സഖിയാക്കിയത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദും (35), ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമും വിവാഹിതരായി. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്‍മദ് ബിന്‍ മുഹമ്മദും (32), ശൈഖ മിദ്‍യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമുമാണ് വിവാഹിതരായത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പമാണ് വിവാഹാഘോഷങ്ങളും നടക്കുന്നത്.

ദുബായ് വേള്‍ഡ് ട്രേ‍ഡ് സെന്ററില്‍ വെച്ച് ജൂണ്‍ ആറിനാണ് വിവാഹാഘോഷ ചടങ്ങുകള്‍. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് അതിഥികള്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുന്ന ചടങ്ങിലെത്തും. യുഎഇയിലെ രീതി അനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ആഘോഷ വേദികളാണ് സജ്ജീകരിക്കാറുള്ളത്. വരന്റെ ഭാഗത്തുള്ള ആഘോഷങ്ങളെക്കാള്‍ വിപുലമായതായിരിക്കും വധുവിന്റെ ഭാഗത്തുണ്ടാവുക. എന്നാല്‍ വധു, വരന്റെ ഭാഗത്തെ ചടങ്ങുകള്‍ക്ക് എത്തില്ല. പകരം വരനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം വധുവിന്റെ വീട്ടിലേക്കോ അല്ലെങ്കില്‍ വിവാഹാഘോഷം നടക്കുന്ന സ്ഥലത്തേക്കോ പോവുകയും അവിടുത്തെ ആഘോഷങ്ങള്‍ക്കൊപ്പം ചേരുകയുമാണ് രീതി.

വിവാഹാഘോഷങ്ങളുടെ തീയ്യതി നിശ്ചയിച്ചത് മുതല്‍ ദുബായ് പാലസ് ദീപാലംകൃതമാണ്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജകുടുംബത്തിലെ വിവാഹം സ്വന്തം വീട്ടിലെ വിവാഹം പോലെ കാണുകയും അതിനായി സ്വന്തം വീടുകള്‍ പോലും അലങ്കരിക്കുകയും ചെയ്യുന്ന നിരവധി സ്വദേശികളുമുണ്ട്.

click me!