മറന്നുവെച്ചത് 20 ലക്ഷം ദിർഹം, പാസ്പോർട്ടടക്കം മൂവായിരത്തിലേറെ രേഖകളും! രക്ഷയായത് ദുബൈയുടെ 'സ്മാർട്' മാതൃക

Published : Jan 20, 2026, 05:16 PM IST
 forgotten items

Synopsis

ഫോണും പാസ്പോര്‍ട്ടും പണവും രേഖകളുമടക്കം ദുബൈയിലെ ടാക്സികളില്‍ കഴിഞ്ഞ വർഷം യാത്രക്കാർ മറന്നുവെച്ചത് 1,04,162 സാധനങ്ങൾ. 20 ലക്ഷം ദിർഹം പണവും പാസ്പോര്‍ട്ടടക്കം മൂവായിരത്തിലേറെ രേഖകളും ഇതിൽപ്പെടുന്നു. 

ദുബൈ: ദുബൈയിലെ ടാക്സികൾ വേഗതയ്ക്കും വിശ്വാസ്യതയ്ക്കും മാത്രമല്ല, യാത്രക്കാർ മറന്നുവെക്കുന്ന സാധനങ്ങൾ സുരക്ഷിതമായി തിരിച്ചേൽപ്പിക്കുന്നതിലും ലോകത്തിന് മാതൃകയാകുന്നു. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025ൽ മാത്രം ദുബൈ ടാക്സികളിൽ യാത്രക്കാർ മറന്നുവെച്ചത് 1,04,162 സാധനങ്ങളാണ്.

ഫോണും പാസ്പോര്‍ട്ടും ലാപ്ടോപ്പുമടക്കമാണ് യാത്രക്കാര്‍ മറന്നുവെച്ചത്. വിവിധ കറൻസികളിലായി ഏകദേശം 20 ലക്ഷത്തിലധികം ദിർഹവും മറന്നുവെച്ചവയിൽ പെടുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 35,000 ഇലക്ട്രോണിക് ഉപകരണങ്ങൾ, പാസ്‌പോർട്ടുകൾ, ഐഡന്‍റിറ്റി കാർഡുകൾ എന്നിവയുൾപ്പെടെ 3,000ത്തോളം ഔദ്യോഗിക രേഖകൾ, കൂടാതെ സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു.

ആർടിഎയുടെ കാര്യക്ഷമമായ 'ലോസ്റ്റ് ആൻഡ് ഫൗണ്ട്' സംവിധാനം വഴി ഭൂരിഭാഗം സാധനങ്ങളും ഉടമസ്ഥർക്ക് വേഗത്തിൽ തിരികെ നൽകാൻ സാധിക്കുന്നുണ്ട്. പലപ്പോഴും പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിൽ തന്നെ സാധനങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെന്ന് ആർടിഎ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീര അൽ ശൈഖ് പറഞ്ഞു.

പരാതി നൽകാൻ വിവിധ മാർഗ്ഗങ്ങളുണ്ട്. ബഹുഭാഷാ സൗകര്യങ്ങളുള്ള ആർടിഎയുടെ സംവിധാനത്തിലൂടെ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും എളുപ്പത്തിൽ പരാതി നൽകാം.

  • കോൾ സെന്‍റർ: ( 56% പേരും ഈ സേവനമാണ് ഉപയോഗിക്കുന്നത്).
  • മഹ്ബൂബ് (Mahboub): വാട്സാപ്പ് വഴിയുള്ള ചാറ്റ് സംവിധാനം (30.8%).
  • ആർടിഎ സ്മാർട്ട് ആപ്പ്: 10.8% പരാതികൾ ആപ്പ് വഴി ലഭിക്കുന്നു.

അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പിനോ, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ എന്നിങ്ങനെ വിവിധ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്.

ടാക്സിയിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് യാത്രക്കാർ സീറ്റും ഡോർ പോക്കറ്റുകളും പരിശോധിക്കുക. ടാക്സിയുടെ പ്ലേറ്റ് നമ്പറോ ബുക്കിംഗ് വിവരങ്ങളോ സൂക്ഷിച്ചുവെക്കുക. വിലപിടിപ്പുള്ള ബാഗുകളിൽ എയർ ടാഗ് പോലുള്ള ട്രാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. സ്മാർട്ട് സിറ്റി എന്ന നിലയിൽ ദുബൈ നടപ്പിലാക്കുന്ന ഇത്തരം നൂതന സംവിധാനങ്ങൾ നഗരത്തിലെ യാത്രാ സൗകര്യങ്ങളിൽ യാത്രക്കാർക്കുള്ള വിശ്വാസം വർധിപ്പിക്കുകയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു
ഓൺലൈൻ ആപ്പ് വഴിയുള്ള ടാക്സി സർവീസ്, വണ്ടിയോടിക്കുന്നതിനിടെ ഡ്രൈവരുടെ ഗുരുതര നിയമലംഘനം, യാത്രക്കാരി വീഡിയോ എടുത്തതോടെ നടപടി