
ദുബൈ: ഉന്നത നിലവാരമുള്ള ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രസിദ്ധമാണ് ദുബൈ നഗരം. ദുബൈയിലെ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നിയന്ത്രിക്കുന്ന ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അന്താരാഷ്‍ട്ര നിലവാരത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇക്കൂട്ടത്തില്‍ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തങ്ങള്‍ ഉപയോഗിക്കുന്ന സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ആര്‍.ടി.എ.
റോഡ് നിര്‍മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും റോഡുകളുടെ നിലവിലുള്ള അവസ്ഥ മനസിലാക്കാനും ലേസര്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംവിധാനമാണ് ദുബൈ ആര്‍.ടി.എ ഉപയോഗിക്കുന്നത്. ഒരു വാഹനത്തില്‍ ഘടിപ്പിച്ച ഈ പരിശോധനാ സംവിധാനം റോഡിലൂടെ നീങ്ങുമ്പോള്‍ തന്നെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെടും. ഇത്തരം പരിശോധനകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ സംവിധാനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫീല്‍ഡ് പരിശോധനാ സമയം 400 ശതമാനത്തിലധികം ലാഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. സാധാരണ പരിശോധനയെ അപേക്ഷിച്ച് 97 ശതമാനം കൃത്യത ഇതിനുണ്ടെന്ന് ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ മൈത ബിന്‍ അതായി പറഞ്ഞു. പേവ്‍മെന്റ് മെയിന്റനന്‍സ് മാനേജ്‍മെന്റ് സിസ്റ്റം (പി.എം.എം.എസ്) എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിന് അടുത്തിടെ ഒരു അന്താരാഷ്ട്ര അംഗീകാരവും ദുബൈയ്ക്ക് ലഭിച്ചു. ബ്രാന്‍ഡന്‍ ഹാള്‍ എക്സലന്‍സ് അവാര്‍ഡിലെ ബിസിനസ് ഫ്യൂച്ചര്‍ - ബെസ്റ്റ് അഡ്‍വാന്‍സ് ഇന്‍ അസെസ്‍മെന്റ് ആന്റ് സര്‍വേ ടെക്നോളജി വിഭാഗത്തിലാണ് പുരസ്‍കാരം ലഭിച്ചത്.
റോഡിന്റെ ഗുണനിലവാരവും നിലവിലെ അവസ്ഥയും വിശദമായി മനസിലാക്കാന്‍ പി.എം.എം.എസിന് സാധിക്കും. എല്ലാ തരം റോഡുകളിലും അതിന്റെ നിര്‍മാണത്തിലെ വിവിധ പാളികളില്‍ സംഭവിക്കുന്ന തകരാറുകള്‍ ഇതിലൂടെ കണ്ടെത്തും. റോഡ് നിര്‍മാണം സംബന്ധിച്ച വിവരങ്ങള്‍, നിലവിലെ അവസ്ഥ, അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവയെല്ലാം സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.
കൃത്യമായ ഇടവേളകളില്‍ റോഡുകള്‍ ഇത് ഉപയോഗിച്ച് പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷിതത്വവും യാത്രയും സുഖവും ഉറപ്പാക്കുന്ന തരത്തിലുള്ള മികച്ച നിലവാരം റോഡുകള്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തും. റോഡിലെ വിള്ളലുകള്‍, പൊട്ടലുകള്‍, കുഴികള്‍, ടാറിന്റെ പ്രതലത്തിലുണ്ടാവുന്ന അയവ് തുടങ്ങിയവയെല്ലാം മനസിലാക്കി ക്വാളിറ്റി ഇന്‍ഡക്സ് ഏകകത്തിലൂടെ തരം തിരിക്കും. തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ തീരുമാനിച്ച് റോഡിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നത്.
Read also: പ്രവാസികള്‍ തെരുവില്‍ ഏട്ടുമുട്ടുന്ന വീഡിയോ വൈറല്‍; പിടിയിലായവരെ നാടുകടത്തും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ