ജീവന്റെ വിലയുള്ള ഇഞ്ചക്ഷന് 80ലക്ഷം ദിര്‍ഹം! ചെലവ് ഏറ്റെടുത്ത് ശൈഖ് മുഹമ്മദിന്റെ സ്‌നേഹസമ്മാനം

Published : Mar 05, 2021, 02:59 PM ISTUpdated : Mar 05, 2021, 04:00 PM IST
ജീവന്റെ വിലയുള്ള ഇഞ്ചക്ഷന് 80ലക്ഷം ദിര്‍ഹം! ചെലവ് ഏറ്റെടുത്ത് ശൈഖ് മുഹമ്മദിന്റെ സ്‌നേഹസമ്മാനം

Synopsis

തങ്ങളുടെ രാജ്യത്ത് ഈ രോഗത്തിനുള്ള ചികിത്സയില്ലെന്നും അതിനാലാണ് ദുബൈയിലെത്തിയതെന്നും എന്നാല്‍ 80 ലക്ഷം ദിര്‍ഹം വിലവരുന്ന ഇഞ്ചക്ഷനുള്ള പണം കൈവശമില്ലെന്നും പോസ്റ്റില്‍ പറയുന്നു. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി പരിഗണിച്ച് തങ്ങളുടെ കുഞ്ഞിനോട് കരുണ കാണിക്കണമെന്ന്, യുഎഇയുടെ അനുകമ്പയും കാരുണ്യവും എടുത്തുപറഞ്ഞ പോസ്റ്റില്‍ മസര്‍ അപേക്ഷിച്ചു.

ദുബൈ: കുഞ്ഞു ലവീണിന്റെ നിഷ്‌കളങ്കമായ പുഞ്ചിരി മായാതിരിക്കാന്‍ വൈദ്യശാസ്തം വിലയിട്ടത് 80 ലക്ഷം ദിര്‍ഹം. വിലയേറിയ ആ കുത്തിവെപ്പ് എടുത്താല്‍ മാത്രമെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. മകളെ കണ്ടുകൊതി തീരാത്ത മാതാപിതാക്കള്‍ ദുബൈ ഭരണാധികാരിയുടെ കാരുണ്യത്തിനായി അപേക്ഷിച്ചു. 

ഇറാഖ് സ്വദേശികളായ ഇബ്രാഹിം മുഹമ്മദിന്റെയും ഭാര്യ മസര്‍ മുന്‍ദറിന്റെയും മകളാണ് രണ്ടു വയസ്സുകാരി ലവീണ്‍. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ് എം എ) എന്ന അപൂര്‍വ്വ രോഗബാധിത. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഇബ്രാഹിമും മസറും ഫെബ്രുവരി ഒമ്പതിനാണ് ദുബൈയിലെത്തുന്നത്. ജലീല ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആ കുരുന്ന് ജീവന്‍ നിലനിര്‍ത്താന്‍ 80ലക്ഷം ദിര്‍ഹത്തിന്റെ ഒരു ഇഞ്ചക്ഷന്‍ എടുക്കണമെന്ന് മാതാപിതാക്കള്‍ അറിയുന്നത്.

ജീവന്റെ വിലയുള്ള ഇഞ്ചക്ഷനുള്ള പണം നല്‍കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. മറ്റ് വഴികളൊന്നും തെളിയാതെ വന്നപ്പോള്‍ തങ്ങളുടെ 'ജീവന്റെ ജീവനാ'യ മകള്‍ക്ക് വേണ്ടി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് ആ മാതാപിതാക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ടാഗ് ചെയ്തായിരുന്നു മസര്‍ പോസ്റ്റിട്ടത്. തങ്ങളുടെ രാജ്യത്ത് ഈ രോഗത്തിനുള്ള ചികിത്സയില്ലെന്നും അതിനാലാണ് ദുബൈയിലെത്തിയതെന്നും എന്നാല്‍ 80 ലക്ഷം ദിര്‍ഹം വിലവരുന്ന ഇഞ്ചക്ഷനുള്ള പണം കണ്ടെത്താന്‍ ഒരു മാര്‍ഗവും ഇല്ലെന്നും പോസ്റ്റില്‍ പറയുന്നു. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി പരിഗണിച്ച് തങ്ങളുടെ കുഞ്ഞിനോട് കരുണ കാണിക്കണമെന്ന്, യുഎഇയുടെ അനുകമ്പയും കാരുണ്യവും എടുത്തുപറഞ്ഞ പോസ്റ്റില്‍ മസര്‍ അപേക്ഷിച്ചു.

വീഡിയോ പോസ്റ്റ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ മസറിനെ തേടി അല്‍ ജലീല ആശുപത്രിയിലെ ഡോക്ടര്‍മാരെത്തി. ലോകത്തിലെ ഏറ്റവും വിലയേറിയ മരുന്നായി കണക്കാക്കപ്പെടുന്ന സോള്‍ജെന്‍സ്മയാണ് ലവീണിന് നല്‍കേണ്ടത്. ഇതിന്റെ ഒറ്റത്തവണത്തെ ഇഞ്ചക്ഷന് വേണ്ട തുകയാണ് 80 ലക്ഷം ദിര്‍ഹം. തന്റെ രാജ്യത്തെ കുഞ്ഞ് അതിഥിക്ക് സ്‌നേഹസമ്മാനമായി ശൈഖ് മുഹമ്മദ് ഇഞ്ചക്ഷന്‍റെ ചെലവ് ഏറ്റെടുത്തു. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ഇഞ്ചക്ഷനെത്തി. ലവീണിന് വ്യാഴാഴ്ച കുത്തിവെപ്പ് എടുത്തു. ഇനിയുള്ള മൂന്ന് മാസക്കാലം ചികിത്സ തുടരണം. ശൈഖ് മുഹമ്മദിന്റെ രൂപത്തില്‍ ദൈവം തങ്ങളെ സഹായിച്ചതാണെന്നും നന്ദിയും കടപ്പാടും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാവുന്നതിലുമപ്പുറമാണെന്നും കുഞ്ഞിന്‍റെ പിതാവ് ഇബ്രാഹിം പറഞ്ഞു. 

 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ