
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുള്ള ദുബൈ റൺ 2025 വിജയകരമായി പൂർത്തിയായി. രാവിലെ 6.30നാണ് ഓട്ടം ആരംഭിച്ചത്. വാർഷിക ദുബൈ റണ്ണിനായി എമിറേറ്റ്‌സിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഓട്ടക്കാർ ഇന്ന് രാവിലെ ശൈഖ് സായിദ് റോഡിൽ ഒത്തുകൂടി.
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്‍റെ പ്രധാന പരിപാടിയായ ദുബൈ റൺ, ശൈഖ് സായിദ് റോഡിനെ ലോകത്തിലെ ഏറ്റവും വലിയ ഓട്ടപ്പാതയായി മാറ്റുന്ന കാഴ്ചയാണ് വർഷാവർഷം കാണുന്നത്. ഓട്ടം തുടങ്ങുന്നതിന് മുന്നോടിയായി പൈറോടെക്നിക് ഷോയോടെയാണ് പരിപാടിക്ക് തുടക്കമായത്. ഓട്ടം പൂർത്തിയാകുന്ന സമയം വരെ ശൈഖ് സായിദ് റോഡ് അടച്ചിടുമെന്നും, യാത്രക്കാർ ബദൽ വഴികൾ തേടണമെന്നും ദുബൈ പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
രണ്ട് റൂട്ടുകളാണ് ദുബൈ റണ്ണിൽ ഉണ്ടായിരുന്നത്;
10 കി.മീ റൂട്ട്: മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപം ആരംഭിച്ച് ഡിഐഎഫ്‌സിയിലെ ദി ഗേറ്റ് ബിൽഡിംഗിൽ അവസാനിക്കുന്നതാണ് ഒരു റൂട്ട്.
5 കി.മീ റൂട്ട്: ഇതേ സ്ഥലത്ത് നിന്ന് ആരംഭിച്ച് ദുബൈ മാളിനും ബുർജ് ഖലീഫയ്ക്കും സമീപമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ അവസാനിക്കുന്നു. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ റൂട്ടാണിത്.
ദുബൈ റൺ നടന്ന പാതകളില്‍ പാരാച്യൂട്ടുകളിൽ ചില സാഹസികർ യുഎഇ ദേശീയ പതാകയേന്തി പറന്നു. ഓട്ടത്തില്‍ പങ്കെടുത്ത ചിലർ യുഎഇ പതാകകൾ കൈയിലേന്തിയിരുന്നു. ദുബൈ റണ്ണിന്‍റെ ഏഴാമത് എഡിഷനാണ് ഈ വർഷം നടന്നത്. 30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി സമയം കണ്ടെത്താൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്ന നഗരവ്യാപക സംരംഭത്തിന്റെ ഭാഗമാണ് ഈ ഫൺ റൺ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam