80 ടൺ പഴം, പച്ചക്കറി യുഎഇയിലെത്തിച്ചെന്ന് ലുലു ഗ്രൂപ്പ്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നും അറിയിപ്പ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് അറിയിച്ചു. 

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ 80 ടൺ പഴം, പച്ചക്കറി യുഎഇയിലെത്തിച്ചെന്ന് ലുലു ഗ്രൂപ്പ്. വരും ദിവസങ്ങളിലും ഇത് തുടരും. അതേസമയം ദുബായ് വിമാനത്താവളം വീണ്ടും തുറന്നു. താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ അറിയിച്ചു.

താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം.

നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി.

ഗൾഫിലെ സാഹചര്യങ്ങൾ സുരക്ഷിതം

പശ്ചിമേഷ്യയിലെ ഇറാൻ- ഇസ്രയേൽ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ. യൂസഫലി പറഞ്ഞു. ഗൾഫിലെ നിലവിലെ സാഹചര്യങ്ങൾ സുരക്ഷിതമാണെന്നും അനാവശ്യമായ ആശങ്കകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രത്യേകം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ചില മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സംഭവങ്ങളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗൾഫിലുണ്ടാകും. 

അത്തരമൊരു സാഹചര്യത്തിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല. നിർമിത ബുദ്ധി (AI) ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചും ഊഹാപോഹങ്ങൾ അഴിച്ചുവിട്ടും ചിലർ നടത്തുന്ന പ്രചാരണങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. നമുക്ക് അന്നം തരുന്ന ഈ രാജ്യങ്ങൾ സുരക്ഷിതമായിരിക്കാൻ എല്ലാവരും പ്രാർഥിക്കണം. ഇവിടുത്തെ ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടി പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.