ഹോട്ടല്‍ മുറിയില്‍ നിന്ന് താമസക്കാരിയുടെ പണം മോഷ്‍ടിച്ചു; സെക്യൂരിറ്റി മാനേജര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 30, 2021, 8:44 PM IST
Highlights

പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇതാദ്യമായല്ല ഹോട്ടലിലെ അതിഥികളില്‍ നിന്ന് ഇയാള്‍ പണം മോഷ്‍ടിക്കുന്നതെന്നും കണ്ടെത്തി. ഏഷ്യക്കാരനായ മറ്റൊരാളുടെ പണവും പ്രതി നേരത്തെ മോഷ്‍ടിച്ചിരുന്നു. 

ദുബൈ: ഹോട്ടല്‍ മുറിയില്‍ നിന്ന് താമസക്കാരിയുടെ പണം മോഷ്ടിച്ച സെക്യൂരിറ്റി മാനേജര്‍ക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. യൂറോപ്യന്‍ വനിത മുറിയില്‍ സൂക്ഷിച്ചിരുന്ന 81,000 ദിര്‍ഹമാണ് 35കാരനായ ആഫ്രിക്കന്‍ സ്വദേശി മോഷ്‍ടിച്ചതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

കേസ് ‍അന്വേഷണത്തിനിടെ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്‍ത യുവതി, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു രാജ്യത്തേക്ക് പോയി. ഈ സമയത്ത് മുറിയില്‍ കടന്നാണ് പ്രതി പണം മോഷ്‍ടിച്ചത്. ആദ്യം 4500 യൂറോയാണ് മുറിയില്‍ നിന്ന് കൈക്കലാക്കിയത്. തൊട്ടടുത്ത ആഴ്‍ച 7000 യൂറോ കൂടി എടുത്തു. പിന്നീട് 20,000 ദിര്‍ഹവും 3000 ഡോളറും മോഷ്‍ടിച്ചുവെന്നും ഇയാള്‍ സമ്മതിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്യുന്ന പ്രതിക്ക് 10,000 ദിര്‍ഹമായിരുന്നു ശമ്പളം. മോഷ്‍ടിച്ച പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ചുകൊടുത്തുവെന്നും ബാക്കി തുക ദുബൈയില്‍ തന്നെ ചിലവഴിച്ചുവെന്നും ഇയാള്‍ പറഞ്ഞു. വിദേശത്തായിരുന്ന യുവതി തിരികെ എത്തിയപ്പോഴാണ് പണം നഷ്‍ടമായ വിവരം അറിഞ്ഞതും പരാതിപ്പെട്ടതും.

പ്രതി മുറിയില്‍ കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ പണം മോഷ്‍ടിച്ചത് ഇയാള്‍ നിഷേധിച്ചതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇതാദ്യമായല്ല ഹോട്ടലിലെ അതിഥികളില്‍ നിന്ന് ഇയാള്‍ പണം മോഷ്‍ടിക്കുന്നതെന്നും കണ്ടെത്തി. ഏഷ്യക്കാരനായ മറ്റൊരാളുടെ പണവും പ്രതി നേരത്തെ മോഷ്‍ടിച്ചിരുന്നു. 

click me!