ദുബൈയില്‍ അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

By Web TeamFirst Published Jan 21, 2021, 4:34 PM IST
Highlights

ഫെബ്രുവരി 19 വരെ അത്യാവശ്യാമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്തേണ്ടതില്ലെന്നാണ് ദുബൈ ഹെല്‍ത്ത് അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്ന എല്ലാ ആശുപത്രികളോടും വണ്‍ ഡേ സര്‍ജറി ക്ലിനിക്കുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

ദുബൈ: അത്യാവശ്യമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നിര്‍ത്തിവെയ്‍ക്കാന്‍ ദുബൈയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം. ദുബൈ ഹെല്‍ത്ത് അതോരിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. തീരുമാനം ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ഫെബ്രുവരി 19 വരെ അത്യാവശ്യാമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്തേണ്ടതില്ലെന്നാണ് ദുബൈ ഹെല്‍ത്ത് അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്‍തിരിക്കുന്ന എല്ലാ ആശുപത്രികളോടും വണ്‍ ഡേ സര്‍ജറി ക്ലിനിക്കുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണ കാലയളവ് നീട്ടാനും സാധ്യതയുണ്ടെന്ന് അതോരിറ്റിയുടെ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പറയുന്നു.

അത്യാവശ്യമായി ചെയ്യേണ്ട സര്‍ജറികള്‍ മാത്രമേ തുടര്‍ന്ന് നടത്താവൂ എന്നാണ് അറിയിപ്പിലുള്ളത്. ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക് ഓപ്പറേഷനുകള്‍, കാര്‍ഡിയാക്, റേഡിയോളജിക്കല്‍ ചികിത്സാ നടപടികള്‍, യൂറിനറി സ്റ്റോണുകളും സ്റ്റെന്റുകളും നീക്കം ചെയ്യുക, തുടങ്ങിയവക്കും ജനറല്‍ സര്‍ജറി, ഒഫ്‍താല്‍മോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ അത്യാവശ്യ സ്വഭാവമുള്ള ശസ്‍ത്രക്രിയകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.

പൊതുജനാരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും കര്‍ശനമായ സുരക്ഷ ഒരുക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. കൊവിഡ് രോഗികളെ പരിചരിക്കാനും ആരോഗ്യ സംവിധാനങ്ങളെ അതിനായി സജ്ജമാക്കാനും പുതിയ നടപടി ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

click me!