ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവിന്‍റെ ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ പുകയില കൈവശം വച്ചതിന് ഇന്ത്യൻ പൗരനെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് -എയർപോർട്ട് ഡിപ്പാർട്ട്മെന്റ് പിടികൂടി. ദില്ലിയിൽ നിന്ന് വിമാനത്തിൽ എത്തിയ യുവാവിനെ കസ്റ്റംസ് പരിശോധിക്കുന്നതിനിടെയാണ് സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ച നിലയിൽ 13 കിലോഗ്രാം പുകയില കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാൾക്കെതിരായ ആവശ്യമായ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കുന്നതിനും കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ - എയർപോർട്ട് ഇൻവെസ്റ്റിഗേഷനുകൾക്ക് റഫർ ചെയ്യുന്നതിനായി റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, കസ്റ്റംസ് എൻട്രി പോയിന്റുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നിരോധിത വസ്തുക്കൾ കടത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുന്നതിനുമുള്ള തുടർച്ചയായ പ്രതിബദ്ധത കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആവർത്തിച്ചു.