148 യാത്രക്കാരുമായി ദുബൈയിൽ നിന്ന് വൈകി പുറപ്പെട്ട വിമാനം, കൺവെയർ ബെൽറ്റിന് ചുറ്റും കാത്തുനിന്ന യാത്രക്കാ‍ർ അമ്പരന്നു, ഒരൊറ്റ ലഗേജില്ല!

Published : Oct 09, 2025, 03:11 PM IST
airport

Synopsis

148 യാത്രക്കാരുമായി ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്തി തങ്ങളുടെ ലഗേജുകള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. യാത്രക്കാർ ലഗേജിനായി കാത്തുനിന്നെങ്കിലും ഒറ്റ ബാഗ് പോലും എത്തിയില്ല. 

ദുബൈ: ദുബൈയിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം യാത്രക്കാരുടെ ലഗേജ് ഒന്നുമില്ലാതെ ദില്ലിയില്‍ ലാൻഡ് ചെയ്തു. ദില്ലി വിമാനത്താവളത്തിൽ ലഗേജ് എടുക്കാന്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ അമ്പരന്നത്. തങ്ങളുടെ ലഗേജുകളൊന്നും എയര്‍പോര്‍ട്ടില്‍ എത്തിയിട്ടില്ല.

148 യാത്രക്കാരുമായി സ്പൈസ്‍ജെറ്റിന്‍റെ എസ് ജി-12 വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യൻ സമയം 1.30 PM) ദുബൈയിൽ നിന്ന് പുറപ്പെട്ടത്. കുറച്ച് സമയം വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനം ഇന്ത്യൻ സമയം വൈകുന്നേരം 5 മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എത്തി. കൺവെയർ ബെൽറ്റിന് ചുറ്റും യാത്രക്കാർ ലഗേജിനായി കാത്തുനിന്നെങ്കിലും ഒറ്റ ബാഗ് പോലും എത്തിയില്ല എന്ന് മനസ്സിലായതോടെയാണ് ആശയക്കുഴപ്പങ്ങൾ തുടങ്ങിയത്. വിമാനത്തിലെ മുഴുവൻ ലഗേജുകളും ദുബായ് വിമാനത്താവളത്തിൽ ഉപേക്ഷിച്ചു എന്ന് അറിഞ്ഞപ്പോൾ യാത്രക്കാര്‍ ഞെട്ടിപ്പോയി. ‘@SpiceJet ഇന്ന് ഒരു പുതിയ റെക്കോർഡ് സ്ഥാപിച്ചു. വെറും ഒരു മണിക്കൂർ മാത്രം വൈകി പുറപ്പെട്ടതിന് ശേഷം (സന്തോഷം!), അവർ യാത്രക്കാരുടെ ലഗേജ് ദുബൈയിൽ മറന്നു’- യാത്രക്കാരുടെ ലഗേജ് ദുബായിൽ ഉപേക്ഷിച്ചതിലുള്ള പ്രതിഷേധം ദീപക് എന്ന യാത്രക്കാരൻ സ്പൈസ്‍ജെറ്റിന് ടാഗ് ചെയ്ത് എക്സിൽ കുറിച്ചു.

അടുത്ത സർവീസിൽ ലഗേജ് എത്തിക്കാമെന്ന് ഉറപ്പ് നൽകിയ എയർലൈൻ ജീവനക്കാർ, യാത്രക്കാരോട് ബാഗേജ് ഇറെഗുലാരിറ്റി റിപ്പോർട്ട്സ് പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. വിമാനത്തിന് അമിതഭാരം ഉണ്ടായിരുന്നതിനാലാണ് ചെക്ക്-ഇൻ ചെയ്ത ലഗേജുകൾ മുഴുവൻ ഇറക്കി വെക്കേണ്ടി വന്നതെന്ന് യാത്രക്കാരിൽ ചിലരെ പിന്നീട് അറിയിച്ചു. എന്നാൽ ഈ വിശദീകരണം വിശ്വസനീയമല്ലെന്ന് പല യാത്രക്കാരും അഭിപ്രായപ്പെട്ടു. 'ബാഗുകളുടെ തൂക്കം നേരത്തെ നോക്കിയതാണെങ്കില്‍ പറന്നുയർന്ന ശേഷം എങ്ങനെയാണ് അമിതഭാരം തിരിച്ചറിഞ്ഞത്?' , 5,000 ദിർഹത്തിലധികം വിലയുള്ള സാധനങ്ങൾ ലഗേജിലുണ്ടായിരുന്ന നോയിഡയിൽ നിന്നുള്ള യാത്രക്കാരിലൊരാളായ സുഹാന ബിഷ്ത് ചോദിക്കുന്നു. 

സ്പൈസ് ജെറ്റുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സംഭവം ആദ്യമല്ലെന്ന് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര റൂട്ടുകളിലെ ലഗേജ് കൈകാര്യം ചെയ്യുന്നതിൽ എയർലൈൻ ആവർത്തിച്ച് വിമർശനം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിഷയം സംബന്ധിച്ച് സ്പൈസ് ജെറ്റ് ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. എയർലൈനുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം റിപ്പോർട്ട് ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഈ സംഭവവും നടന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം