യുഎഇയില്‍ പണം മോഷ്ടിക്കാനായി കാറിന് തീയിട്ട രണ്ട് പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Jun 26, 2019, 4:15 PM IST
Highlights

പ്രതികളിലൊരാളാണ് കാറിന് തീയിട്ടത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ തൊഴിലാളികള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമന്‍ പണം സൂക്ഷിച്ചിരുന്ന മുറിയില്‍ കയറി അലമാര തുറന്ന് പണമെടുത്തു.

ഫുജൈറ: പണം മോഷ്ടിക്കാനായി കാറിന് തീയിട്ട സംഭവത്തില്‍ രണ്ട് പ്രവാസി തൊഴിലാളികളെ ഫുജൈറ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ലേബര്‍ ക്യാമ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ട് തൊഴിലാളികളുടെ ശ്രദ്ധ മാറ്റിയശേഷം ക്യാമ്പിനുള്ളില്‍ സൂക്ഷിച്ചിരുന്ന 4000 ദിര്‍ഹം മോഷ്ടിക്കാനായിരുന്നു ഇവരുടെ പദ്ധതി.

പ്രതികളിലൊരാളാണ് കാറിന് തീയിട്ടത്. കാര്‍ കത്തുന്നത് കണ്ട് ഓടിയെത്തിയ തൊഴിലാളികള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമന്‍ പണം സൂക്ഷിച്ചിരുന്ന മുറിയില്‍ കയറി അലമാര തുറന്ന് പണമെടുത്തു. ശേഷം ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിക്കവെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളിലൊരാള്‍ പ്രതിയെ കാണുകയും മറ്റുള്ളവരുടെ സഹായത്തോടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. പൊലീസെത്തി ഇവരുവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. പ്രോസിക്യൂഷന്‍ അധികൃതര്‍ ചോദ്യം ചെയ്തപ്പോഴും പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോഴും പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസ് ജൂലൈയില്‍ വിധി പറയാനായി കോടതി മാറ്റിവെച്ചു.

click me!