ഇ അഹമ്മദ് എക്‌സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു

By Web TeamFirst Published Aug 2, 2020, 9:25 AM IST
Highlights

മുസ്ലിം വിദ്യാര്‍ത്ഥി  സംഘടനയുടെ സ്ഥാപക നായകന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു അഹ്മദ് സാഹിബ് എന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

മസ്കറ്റ്: ഐക്യരാഷ്ട്ര സഭയില്‍ കൂടുതല്‍ തവണ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്‍റെ സ്മരണാര്‍ത്ഥം മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ ഇ അഹമ്മദ് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു. കെഎംസിസി അംഗങ്ങളുടെ മക്കളില്‍ ഇക്കഴിഞ്ഞ പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകള്‍ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

അന്ത്യനിമിഷം വരെ കൃത്യ നിര്‍വഹണരംഗത്ത് അര്‍പ്പണ വീര്യത്തോടെ നിലകൊണ്ട് ജനാധിപത്യ രണാങ്കണത്തില്‍ വീരമൃത്യു വരിച്ച ധീരനായ നേതാവായിരുന്നു ഇ അഹമ്മദ് സാഹിബ് എന്നും പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത് ഇതിന്‍റെ ഉത്തമ ദൃഷ്ടാന്തം ആണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. മുസ്ലിം വിദ്യാര്‍ത്ഥി  സംഘടനയുടെ സ്ഥാപക നായകന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു അഹ്മദ് സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ദാനം വെര്‍ച്വല്‍ സ്‌ക്രീനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് റയീസ് അഹമ്മദ് അധ്യക്ഷ വഹിച്ചു.

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങള്‍ ആയ സയ്യിദ് സാദിഖ്  അലി ശിഹാബ് തങ്ങള്‍,  ഇ. ടി മുഹമ്മദ് ബഷീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി,യൂത്ത് ലീഗ് പ്രസിഡന്റ് സയ്യിദ് മുനവ്വര്‍ അലി തങ്ങള്‍, കേന്ദ്ര കമ്മിറ്റി മുന്‍ ഭാരവാഹികള്‍ ആയ അബ്ദുല്‍ കരീം ഹാജി, സൈദ് പൊന്നാനി, ഉമ്മര്‍ ബാപ്പു, പി .എ.വി.അബൂബക്കര്‍, കേന്ദ്ര കമ്മിറ്റി നേതാക്കള്‍ ആയ നൌഷാദ് കാക്കേരി, ശുഹൈബ് പാപ്പിനിശ്ശേരി ,കെ. കെ റഫീക്ക് ,ഏരിയ നേതാക്കള്‍ ആയ സിദ്ദിക് മാത മംഗലം ,നവാസ് ചെങ്ങളം, അഷ്‌റഫ് പോയിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കേന്ദ്ര കമിറ്റി സെക്രട്ടറി മുജീബ് കടലുണ്ടി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. കേന്ദ്ര കമ്മിറ്റി ട്രെഷറര്‍ കെ. യൂസുഫ് സലിം സ്വാഗതവും സക്കറിയ തളിപ്പറമ്പ് നന്ദിയും പറഞ്ഞു. അവാര്‍ഡ് വിതരണ ശേഷം പ്രമുഖ ഗായകന്‍ നവാസ് പാലെരിയുടെ ഇശല്‍ വിരുന്നും നടന്നു.

click me!