ഇ-സിഗരറ്റുകളുടെ ഉപയോഗം നിയമവിധേയമാക്കാനൊരുങ്ങി യുഎഇ

By Web TeamFirst Published Feb 18, 2019, 8:06 PM IST
Highlights

ഇ-സിഗിരറ്റുകളുടെ ഉപയോഗം സംബന്ധിച്ച ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയതായും ഏപ്രില്‍ പകുതിയോടെ അവയ്ക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്സ് അതോരിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മഈനി പറഞ്ഞു.

ദുബായ്: ഇലക്ട്രോണിക് സിഗിരറ്റുകളുടെ ഉപയോഗത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കാനൊരുങ്ങി യുഎഇ. വരുന്ന ഏപ്രില്‍ പകുതിയോടെ ഇ-സിഗിരറ്റുകള്‍ നിയമവിധേയമാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഇ-സിഗിരറ്റുകളിലെ നിക്കോട്ടിനിന്റെ അളവ് നിജപ്പെടുത്താനുള്ള മാനദണ്ഡങ്ങള്‍ക്ക് എമിറേറ്റ്സ് അതോരിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍  അംഗീകാരം നല്‍കി.

ഇ-സിഗിരറ്റുകളുടെ ഉപയോഗം സംബന്ധിച്ച ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയതായും ഏപ്രില്‍ പകുതിയോടെ അവയ്ക്ക് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്സ് അതോരിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മഈനി പറഞ്ഞു. നിലവില്‍ ഇലക്ട്രോണിക് സിഗിരറ്റുകളുടെ ഉപയോഗം യുഎഇയില്‍ നിരോധിച്ചിട്ടുണ്ട്. പുതിയ നിയമം വരുന്നതോടെ ഇ സിഗിരറ്റുകളിലെ ചേരുവകള്‍, ഭാരം, സാങ്കേതിക വശങ്ങള്‍, ഇറക്കുമതി, പാക്കിങ്, ലേബലിങ് തുടങ്ങിയവയ്ക്കെല്ലാം മാനദണ്ഡങ്ങള്‍ വരും. ഇത്തരം സിഗിരറ്റുകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവയും മറ്റ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നവയുമുണ്ടെന്നും അധികൃതര്‍ പറ‍ഞ്ഞു.

click me!