സൗദിയെ ഒപ്പം നിര്‍ത്താന്‍ എല്ലാ തന്ത്രങ്ങളും പയറ്റി പാകിസ്ഥാന്‍

By Web TeamFirst Published Feb 18, 2019, 6:38 PM IST
Highlights

ഞായറാഴ്ച സൗദി കിരീടാവകാശിയുടെ വിമാനം പാകിസ്ഥാന്റെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ ആറ് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഔദ്യാഗിക വസതിയിലേക്കുള്ള സൗദി കിരീടാവകാശിയുടെ കാര്‍ ഓടിച്ചത് ഇംറാന്‍ ഖാന്‍ തന്നെയായിരുന്നു.

റിയാദ്: പുല്‍വാമ ഭീകരാക്രണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന്‍ സൗദിയുടെ പിന്തുണയ്ക്കായി വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്. സൗദിയും യുഎഇയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനിടെ പാകിസ്ഥാന് വീണുകിട്ടിയ അവസരമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം.

ഞായറാഴ്ച സൗദി കിരീടാവകാശിയുടെ വിമാനം പാകിസ്ഥാന്റെ വ്യോമ അതിര്‍ത്തിയില്‍ പ്രവേശിച്ചതുമുതല്‍ ആറ് യുദ്ധവിമാനങ്ങളാണ് അകമ്പടി നല്‍കിയത്. പാകിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ് - 17. എഫ്-16 യുദ്ധവിമാനങ്ങള്‍ക്ക് നടുവില്‍ സൗദി കിരീടാവകാശിയുടെ വിമാനം പറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തന്നെ ട്വീറ്റ് ചെയ്തു. റാവല്‍പിണ്ടിയില്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും സേനാ തലവന്‍ ഖമര്‍ ജാവേദ് ബജ്‍വയും ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.

ശേഷം പ്രധാനമന്ത്രിയുടെ ഔദ്യാഗിക വസതിയിലേക്കുള്ള സൗദി കിരീടാവകാശിയുടെ കാര്‍ ഓടിച്ചത് ഇംറാന്‍ ഖാന്‍ തന്നെയായിരുന്നു. നേരത്തെ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോഴും വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് സ്വയം കാറോടിച്ചാണ് ഇംറാന്‍ ഖാന്‍ കൊണ്ടുപോയത്. സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് സമ്മാനിച്ചു.

അന്താരാഷ്ട്ര സമൂഹം പാകിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും  2,000 കോടി ഡോളറിന്റെ നിക്ഷേപ സഹായം സൗദി വാഗ്ദാനം ചെയ്തു. സൗദിയില്‍ തടവിലുള്ള 2107 പാകിസ്ഥാനികളെ മോചിപ്പിക്കാനും കിരീടാവകാശി ഉത്തരവിട്ടു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയാണിത്. 

പുൽവാമ ആക്രണത്തിന് പിന്നാലെ നേരത്തെ, പാക് സന്ദർശനത്തിൽ നിന്ന് സൽമാൻ രാജകുമാരൻ പിന്മാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സന്ദർശനം ഒരു ദിവസം വൈകിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശങ്കയിലായ പാക്കിസ്ഥാന് പുതുജീവൻ നൽകുന്നതാണ് സൗദിയുടെ സഹായ വാഗ്ദാനം. പാക് സന്ദർശനത്തിന് ശേഷം സൗദി കിരീടാവകാശി ദ്വിദിന സന്ദർശനത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.

click me!