ഒമാനിലെ സർക്കാർ സേവനങ്ങൾക്ക് ഇ-പേയ്‌മെന്‍റ് പുതുവര്‍ഷത്തില്‍ നിര്‍ബന്ധമാക്കും

By Web TeamFirst Published Dec 31, 2019, 12:04 AM IST
Highlights

ഒമാനിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ രണ്ടായിരത്തി പതിനാറ് ഒക്ടോബർ മാസം മുതൽ  ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് പേയ്‌മെന്‍റിന് തുടക്കം കുറിച്ചിരുന്നു

മസ്കറ്റ്: ഒമാനിലെ സർക്കാർ സേവനങ്ങൾക്ക് ഈ പേയ്‌മെന്‍റ് സംവിധാനം ജനുവരി ഒന്ന് മുതൽ നിർബന്ധമാക്കുന്നു. സർക്കാർ ആശുപത്രികളിൽ ജനുവരി ഒന്ന് മുതൽ  ഈ-പേയ്‌മെന്‍റ്  സംവിധാനം ആരംഭിക്കുമെന്ന്  ആരോഗ്യ മന്ത്രാലയവും അറിയിച്ചു. പൊതു മേഖല സ്ഥാപനങ്ങള്‍, ഈ-ഗവർണ്‍ന്മെന്‍റ് സേവനത്തിലേക്കു മാറുകയെന്ന ദേശിയ പദ്ധതിയുടെ ഭാഗമായാണ്  ഈ നടപടി.

ഒമാനിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ രണ്ടായിരത്തി പതിനാറ് ഒക്ടോബർ മാസം മുതൽ  ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് പേയ്‌മെന്‍റിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ ഇതോടൊപ്പം നേരിട്ട് പണം അടക്കാനുള്ള സംവിധാനവും അനുവദിച്ചിരുന്നു. ഈ സൗകര്യമാണ്  ജനുവരി ഒന്ന് മുതൽ പൂർണമായും നിർത്തലാക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി സർക്കാർ ആശുപത്രികളിൽ അടക്കേണ്ട എല്ലാ ഫീസുകളും ബാങ്ക് കാർഡുകൾ മുഖേന അടക്കേണ്ടി വരും.

ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലെ പണമിടപാടുകളും ഈ പേയ്മെന്‍റ് വഴി സ്വീകരിക്കുവാന്‍ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, സിവിൽ, റസിഡൻറ് കാർഡുകൾ ഉൾപ്പെടെ റോയൽ ഒമാൻ പൊലീസിലെ (ആർ‌.ഒ.പി) എല്ലാ പണമിടപാടുകളും ബാങ്ക് കാർഡുകൾ വഴി ഫലപ്രദമായി  നടന്നു വരുന്നുണ്ട്.

രാജ്യത്തെ എല്ലാ സർക്കാർ  സ്ഥാപനങ്ങളിൽ നടന്നു വരുന്ന  പണമിടപാടുകൾക്കും  ഇലക്ട്രോണിക് പേയ്‌മെന്‍റ് നിര്‍ബന്ധമാക്കുമെന്ന് ധനകാര്യ മന്ത്രാലയവും വ്യക്തമാക്കി. പുതിയ വർഷത്തിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഇലക്ട്രോണിക്  സംവിധാനത്തിലൂടെ മാത്രമേ പണമിടപാടുകൾ നടത്തുവാൻ പാടുള്ളൂവെന്നും ഒമാൻ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രണ്ടായിരത്തി ആറു മുതലാണ് ഒമാൻ സർക്കാർ ഇ-ഗവർമെന്‍റ് സേവനമെന്ന ദേശിയ പദ്ധതി രാജ്യത്ത്  ആവിഷ്ക്കരിച്ചു  തുടങ്ങിയത്. 

click me!