ഭര്‍ത്താവ് ബോധപൂര്‍വം എയിഡ്‍സ് പരത്തിയ സംഭവത്തില്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

By Web TeamFirst Published Feb 23, 2020, 2:14 PM IST
Highlights

വിവാഹത്തിന് മുമ്പ് തന്നെ എയിഡ്സ് ബാധിതനായിരുന്ന യുവാവ് രോഗത്തിന് ചികിത്സതേടി വരികയുമായിരുന്നു. ഇതിന്റെ ഭാഗമായുള്ള മരുന്നുകളും ഇയാള്‍ കഴിച്ചിരുന്നു. എന്നാല്‍ രോഗവിവരം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ വിവാഹം കഴിച്ചത്. 

കെയ്റോ: എ‍യിഡ്‍സ് ബാധിതനാണെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ച് വിവാഹം കഴിയ്ക്കുകയും ഭാര്യയെക്കൂടി രോഗിയാക്കുകയും ചെയ്ത യുവാവ് 10 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് (46 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഈജിപ്‍തിലെ അല്‍ ബഹീറ ഗവര്‍ണറേറ്റിലെ സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപതുകാരിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്.

വിവാഹത്തിന് മുമ്പ് തന്നെ എയിഡ്സ് ബാധിതനായിരുന്ന യുവാവ് രോഗത്തിന് ചികിത്സതേടി വരികയുമായിരുന്നു. ഇതിന്റെ ഭാഗമായുള്ള മരുന്നുകളും ഇയാള്‍ കഴിച്ചിരുന്നു. എന്നാല്‍ രോഗവിവരം മറച്ചുവെച്ചുകൊണ്ടാണ് ഇയാള്‍ വിവാഹം കഴിച്ചത്. പിന്നീട് ഗര്‍ഭപരിചരണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ നടത്തിയപ്പോഴാണ് യുവതിക്കും രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. നേരത്തെ തന്നെ എയിഡ്‍സ് രോഗിയായിരുന്ന ഭര്‍ത്താവ് ഇക്കാര്യം തന്നില്‍നിന്ന് ബോധപൂര്‍വം മറച്ചുവെച്ച് തന്നെ രോഗിയാക്കുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായി.

എയിഡ്‍സ് ചികിത്സയ്ക്കുള്ള പ്രതിമാസ ചിലവായ 750 ഈജിപ്ഷ്യന്‍ പൗണ്ട് നല്‍കാനും ഭര്‍ത്താവ് വിസമ്മതിച്ചതോടെയാണ് യുവതി നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ ഇയാള്‍ രോഗിയായിരുന്നെന്ന് ആരോഗ്യവകുപ്പും കോടതിയെ അറിയിച്ചു. തുടര്‍ന്ന് യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

click me!