സൗദി ശൂറാ കൗൺസിൽ എട്ടാം സെഷന് തുടക്കമായി; സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു

Published : Nov 13, 2020, 06:53 PM IST
സൗദി ശൂറാ കൗൺസിൽ എട്ടാം സെഷന് തുടക്കമായി; സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു

Synopsis

രാജ്യത്തിനും ജനങ്ങൾക്കും പൊതുവികസനത്തിനും ശൂറ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്ന് രാജാവ് പറഞ്ഞു. രാജ്യസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ശൂറ സംവിധാനം നിലവിലുണ്ട്. രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കും മുന്നോട്ടുള്ള പ്രയാണം ശക്തിപ്പെടുത്തുന്നതിനും ശൂറ വലിയ സഹായമാണ് നൽകുന്നതെന്നും രാജാവ് പറഞ്ഞു.

റിയാദ്: സൗദി ശൂറാ കൗൺസിൽ എട്ടാം സെഷന്റെ ആദ്യവർഷ പ്രവർത്തനങ്ങൾ ബുധനാഴ്ച സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ പാർലമെന്റായ ശൂറയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് രാജാവ് പറഞ്ഞു. തുടർന്ന് രാജ്യത്തിന്റെ ആന്തരികവും ബാഹ്യവുമായ നയങ്ങൾ വിശദമാക്കി രാജാവ് സുദീർഘമായി പ്രസംഗിച്ചു. 

രാജ്യത്തിനും ജനങ്ങൾക്കും പൊതുവികസനത്തിനും ശൂറ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കുന്നതാണെന്ന് രാജാവ് പറഞ്ഞു. രാജ്യസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ശൂറ സംവിധാനം നിലവിലുണ്ട്. രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കും മുന്നോട്ടുള്ള പ്രയാണം ശക്തിപ്പെടുത്തുന്നതിനും ശൂറ വലിയ സഹായമാണ് നൽകുന്നതെന്നും രാജാവ് പറഞ്ഞു. മക്ക, മദീന വിശുദ്ധ ഗേഹങ്ങളെ സേവിക്കാൻ ദൈവം അനുഗ്രഹിച്ചതിൽ അഭിമാനിക്കുന്നു. ലോകത്തെ ഭീഷണിയിലാഴ്ത്തിയ കോവിഡ് എന്ന പകർച്ച വ്യാധിയെ രാജ്യത്തിന് ശക്തമായി നേരിടാനായെന്നും രാജാവ് പറഞ്ഞു. 

പകർച്ചവ്യാധി പടരാതികരിക്കാൻ കൂടുതൽ പ്രതിരോധ മുൻകരുതലുകളെടുത്തു. രോഗപ്രതിരോധത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് സംഭാവനകൾ നൽകി. സജീവമായ മുൻകരുതൽ നടപടികളിലൂടെ രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഉണ്ടാകുന്ന സാമ്പത്തികവും ആരോഗ്യപരവുമായ ആഘാതം കുറയ്ക്കുന്നതിനും രോഗത്തെ സാധ്യമായ രീതിയിൽ പ്രതിരോധിക്കാനും കഴിഞ്ഞു. കൊവിഡ്, ലോകത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തിയ ഘട്ടത്തിലും ഹജ്ജ് കർമം നടത്താൻ സാധിച്ചു. കോവിഡിനെ തുടന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും ആരോഗ സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധികളും കനത്ത നഷ്ടമാണുണ്ടാക്കിയത്. ആഭ്യന്തര സാമ്പത്തിക രംഗത്തും സ്വകാര്യമേഖലയിലുമുണ്ടായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഗവൺമെൻറ് വിവിധ സംരംഭങ്ങളുമായി രംഗത്തിറങ്ങി. സ്വകാര്യ മേഖലയെ പിന്തുണക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും 219 ശതകോടി റിയാൽ വകയിരുത്തി. പകർച്ച വ്യാധിയെ നേരിടാൻ രാജ്യത്തെ ആരോഗ്യ മേഖലക്ക് 47 ശതകോടി റിയാൽ നൽകുകയുണ്ടായെന്നും സൽമാൻ രാജാവ് പറഞ്ഞു. 

ആഭ്യന്തര സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്ന യമൻ ജനതക്ക് സഹായം നൽകുന്നത് സൗദി അറേബ്യ തുടരുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. യമൻ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ തുടരുകയും ചെയ്യും. ഫലസ്തീൻ ജനതക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള എല്ലാ സഹായവും പിന്തുണയും തുടരും. തീവ്രവാദത്തെ പിഴുതെറിയാനും പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം കലവറയില്ലാത്ത പിന്തുണയാണ് നൽകുന്നത്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിന് 110 ദശലക്ഷം ഡോളറാണ് സംഭാവന നൽകിയത്. തീവ്രവാദ ചിന്തയെ നേരിടുന്നതിനായി അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിക്കാൻ സൗദി അറേബ്യ മുൻകൈയ്യെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ