ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടർ ബോര്‍ഡ് തെരഞ്ഞെടുപ്പ് നാളെ; ആറ് മലയാളികളടക്കം 11 സ്ഥാനാര്‍ത്ഥികള്‍

By Web TeamFirst Published Jan 10, 2020, 5:51 PM IST
Highlights

നിലവിലെ സ്കൂൾ ബോർഡ് അംഗങ്ങളില്‍ നിന്നും മൂന്നുപേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. 15 അംഗങ്ങളുള്ള ബോർഡിലേക്ക് അഞ്ച് അംഗങ്ങളെ  മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. 

മസ്‌കത്ത് : ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. 11 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ 16 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും അഞ്ച് പേര്‍ പിന്നീട് പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ദേവ്സിംഗ് പാട്ടീല്‍, സയിദ് സല്‍മാന്‍, ഹരിദാസ് പി, ശാബു ഗോപി, സെല്‍വിച്ചന്‍ ജേക്കബ്, അനില്‍ കുമാര്‍, നിതീഷ് സുന്ദരേശന്‍, പൊന്നമ്പലം എന്‍, ശിവകുമാര്‍ മാണിക്യം, സിറാജുദ്ദീന്‍ എന്‍, അംബുജാക്ഷന്‍ എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ളത്.

നിലവിലെ സ്കൂൾ ബോർഡ് അംഗങ്ങളില്‍ നിന്നും മൂന്നുപേരും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. 15 അംഗങ്ങളുള്ള ബോർഡിലേക്ക് അഞ്ച് അംഗങ്ങളെ  മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ മസ്കത്ത് ഇന്ത്യൻ സ്കൂളിന്റെ മൾട്ടിപർപ്പസ് ഹാളിലാണ്  വോട്ടെടുപ്പ്. ശനിയാഴ്ച രാത്രിയോടെ ഫലപ്രഖ്യാപനമുണ്ടാകും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുക.

വോട്ട്ചെയ്യാനെത്തുന്നവർ തിരിച്ചറിയൽ രേഖയായി റെസിഡന്റ് കാർഡ് കൊണ്ടുവരണം. മറ്റു രേഖകൾ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല. കാര്‍ഡുകളുടെ പകർപ്പും സ്വീകരിക്കില്ല. വിദ്യാർഥികളുടെ ജി.ആർ നമ്പറും വോട്ട് ചെയ്യാനെത്തുന്നവർ കൈവശം  വെക്കണം. സ്കൂളിന്റെ  പ്രധാന ഗേറ്റ് വഴി മാത്രമാകും പ്രവേശനം. വോട്ട് രേഖപ്പെടുത്താനെത്തുന്ന രക്ഷാകർത്താക്കളെ മാത്രമേ സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമീഷണർ സതീഷ് നമ്പ്യാർ അറിയിച്ചു.  

8354 വിദ്യാര്‍ഥികള്‍ അധ്യായനം നടത്തുന്ന മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ 5722 രക്ഷിതാക്കള്‍ക്കാണ് ഈ വര്‍ഷം വോട്ടവകാശമുള്ളത്. കഴിഞ്ഞ തവണ 6500 വോട്ടര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും വോട്ടവകാശം വിനിയോഗിച്ചത് 3800 പേരാണ്. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ അനുവാദമുള്ളൂ. വോട്ടവകാശവും ഐ.എസ്.എമ്മിലെ രക്ഷിതാക്കള്‍ക്ക് മാത്രമാണ്. പുതിയ ഭരണഘടനാ നിലവിൽ വന്നതിനു ശേഷം ഇത് അഞ്ചാമത് തിരഞ്ഞെടുപ്പാണ് നടക്കുന്നത്.

കഴിഞ്ഞ തവണ 18 പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. സ്ഥാനാര്‍ഥികള്‍ കുറഞ്ഞെങ്കിലും ഇത്തവണ വോട്ടിംഗ് ശതമാനം ഉയരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് സുഗമമാക്കുന്നതിന്  എല്ലാ നടപടികളും  പൂർത്തീകരിച്ചു കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പരാതികള്‍ പരിശോധനിക്കാന്‍ പ്രത്യേക സമിതിയും കമീഷനുകീഴില്‍ പ്രവർത്തിക്കുന്നുണ്ട്. ഡോ. സതീഷ് നമ്പ്യാര്‍ ചെയര്‍മാനായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടികൾ  നിയന്ത്രിക്കുന്നത്. ബാബു രാജേന്ദ്രന്‍, ഷകീല്‍ കെ.എം, ദിവേഷ് ലൂമ്പ, പത്മിനി അടാല്‍ എന്നിവരാണ്  മറ്റു കമ്മീഷൻ അംഗങ്ങള്‍. 

ഒമാനിൽ 21 ഇന്ത്യൻ സ്ക്കൂളുകളിലായി 45,600 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. നിലവിൽവരുന്ന  ഭരണസമിതിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും ഒമാനിലെ മറ്റ് 20 ഇന്ത്യൻ സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്.

click me!