പ്രവാസികൾ പ്രതിസന്ധിയിൽ: ഇഖാമ പുതുക്കാൻ യോഗ്യതാ സർട്ടിഫിക്കറ്റുകൾ നിർബന്ധം

By Web TeamFirst Published Dec 10, 2019, 3:09 PM IST
Highlights

ഇഖാമയിൽ ടെക്നിക്കൽ, അക്കൗണ്ടന്റ് പ്രഫഷനുകൾ രേഖപ്പെടുത്തിയവർ സൗദി എൻജിനീയറിങ് കൗൺസിലിലും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സിലും (സോക്പ) രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഖാമ പുതുക്കാൻ കഴിയൂ. വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ (താമസ രേഖ) സാങ്കേതിക, അക്കൗണ്ടൻറ് തസ്തികകളിൽ പുതുക്കണമെങ്കിൽ വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ വേണമെന്ന നിയമം പ്രവാസികളെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇഖാമയിൽ ടെക്നിക്കൽ, അക്കൗണ്ടന്റ് പ്രഫഷനുകൾ രേഖപ്പെടുത്തിയവർ സൗദി എൻജിനീയറിങ് കൗൺസിലിലും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ട്സിലും (സോക്പ) രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന അടുത്തിടെ സൗദി അറേബ്യയിൽ നടപ്പാക്കിയിരുന്നു. 

വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ കഴിയൂ. സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകി. എല്ലാവരും തസ്തികക്ക് അനുസൃതമായ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാരജരാക്കണമെന്നും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നുമാണ് അറിയിപ്പ്. കാലാവധി അവസാനിക്കും മുമ്പ് പ്രഫഷനൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഇഖാമ പുതുക്കാനാവില്ലെന്ന സന്ദേശമാണ് കമ്പനികൾ നൽകിയിരിക്കുന്നത്. ഇഖാമ പുതുക്കാതെ ജോലിയിൽ തുടരാനാവില്ലെന്നും മറിച്ചായാൽ വരുന്നത് ഗുരുതര ഭവ്യഷ്യത്തുകളായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. 

തൊഴിലാളികൾക്ക് മാത്രമല്ല തൊഴിൽ നൽകുന്ന വ്യക്തിക്കും സ്ഥാപനത്തിനും കൂടി പ്രത്യാഘാതമുണ്ടാകും. വൻ സാമ്പത്തിക പിഴയും മറ്റ് ശിക്ഷാനടപടികളും നേരിടേണ്ടിവരും. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നതിന് പിടിക്കപ്പെട്ടാൽ തൊഴിലുടമക്ക് സാമ്പത്തിക പിഴ മാത്രമല്ല സർക്കാരിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ ഭാഗികമായി തടയ്യപ്പെടുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇഖാമ പുതുക്കാൻ ഏറെ സമയം ബാക്കിയുണ്ടെങ്കിൽ പോലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ തൊഴിലാളികളോട് കമ്പനികൾ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവരെ ഫൈനൽ എക്സിറ്റിൽ വിടുകയാണ് പല സ്ഥാപനങ്ങളും. 

അക്കൗണ്ടൻറ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, കസ്റ്റമർ അക്കൗണ്ടൻറ്, വിവിധ തരം ടെക്നീഷ്യന്മാർ, മെക്കാനിക്കുകൾ തുടങ്ങി നൂറോളം തസ്തികകൾക്കാണ് ഇത് ബാധകം. തസ്തികകൾക്ക് അനുസൃതമായ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പോർട്ടലുകളിൽ അപ്ലോഡ് ചെയ്ത് ഓൺലൈനായി രജിസ്ട്രേഷൻ നടത്തണം. ആരോഗ്യ ഇൻഷുറൻസ് പോലെ തന്നെ പ്രഫഷനൽ രജിസ്ട്രേഷനും കൂടി സാധുവാണെന്ന് ഉറപ്പുവരുത്തിയിട്ടേ സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ഇഖാമ പുതുക്കൂ. 

വ്യാജ സർട്ടിഫിക്കറ്റോ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നല്ലാത്ത സർട്ടിഫിക്കറ്റുകളോ അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷൻ നടപടി പൂർത്തീകരിച്ചാലും നിശ്ചിത ദിവസങ്ങൾക്ക് ശേഷം ഇൻറർനാഷനൽ ഏജൻസിയുടെ സഹായത്തോടെ നടത്തുന്ന വെരിഫിക്കേഷനിൽ പിടിക്കപ്പെടും. വ്യാജനാണെന്ന് തെളിഞ്ഞാൽ രജിസ്ട്രേഷൻ ലഭിക്കില്ലെന്ന് മാത്രമല്ല വ്യാജരേഖാ കേസ് നടപടികൾ നേരിടേണ്ടിയും വരും. കേസിൽ തീർപ്പാകുന്നതുവരെ രാജ്യം വിടാനുമാകില്ല. ഹാജരാക്കിയത് വ്യാജനെന്ന് തെളിയുന്നപക്ഷം തടവും സാമ്പത്തിക പിഴയും ലഭിക്കും. ശിക്ഷ അനുഭവിച്ച് നാടുകടത്തപ്പെട്ടാൽ പിന്നീട് സൗദിയിലേക്ക് പുനഃപ്രവേശിക്കാനുമാകില്ല.


 

click me!