
അജ്‌മാൻ: ലോകത്തെ ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുകയാണ് ഒരു അമേരിക്കന്‍ പെണ്‍കുട്ടി. എലിസയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍. കേരളത്തോടും മലയാളത്തോടുമുള്ള എലിസയുടെ സ്നേഹമാണ് ഏലി-കുട്ടി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മുഴുവന്‍. മാതൃഭാഷ സംസാരിക്കാന്‍ പുതുതലമുറ മടിച്ചു നില്‍ക്കുമ്പോഴാണ് അമേരിക്കകാരിയായ എലിസ ലോകത്തെ മലയാളം പഠിപ്പിക്കുന്നത്.
മലയാളത്തിലെ ഒരോ വാക്കുകളും എഴുതിയും പറഞ്ഞും വരച്ചും പഠിപ്പിക്കുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാണ്. ലോകത്തെ ഒട്ടുമിക്ക ഭാഷകളും പഠിക്കാനുള്ള വഴികള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാല്‍ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ശരിയായ സംവിധാനങ്ങളില്ല എന്ന് എലിസ പരാതിപ്പെടുന്നു. തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ അതിനൊരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ അമേരിക്കക്കാരി.
രണ്ടുവര്‍ഷം കൊണ്ടാണ് എലിസ മലയാളം പഠിച്ചെടുത്തത്. വെറുതേ കിട്ടുന്ന സമയങ്ങളിലെല്ലാം കുട്ടികളുടെ പുസ്തകങ്ങള്‍ വായിക്കും. യുഎഇയിലെ തിയറ്ററുകളിലെത്തുന്ന മലയാള സിനിമകളെല്ലാം മുടങ്ങാതെ കാണും. അങ്ങനെ ഭാഷ പഠിക്കാനുള്ള ഒരവസരവും വിട്ടുകളയില്ല.
ന്യൂമെക്‌സിക്കോയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ എലിസ നാലുവര്‍ഷമായി അജ്മാന്‍ അപ്ലൈഡ് ടെക്‌നോളജി ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ്. മലയാളത്തിനോടുള്ള പ്രണയം മൂത്ത് ജീവിത പങ്കാളിയായി കണ്ടെത്തിയതും മലയാളിയെത്തന്നെ. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊച്ചി കണ്ടനാട്ട് വീട്ടിൽ അർജുനുമായുള്ള വിവാഹം കഴിഞ്ഞ ഡിസംബറിലായിരുന്നു. എന്തായാലും എലിസയുടെ മലയാളം പഠനം സൂപ്പറാണെന്നാണ് എലിക്കുട്ടിയെന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പിന്തുടരുന്നവരെല്ലാം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam