ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് ഔഖാഫ് മാസപ്പിറവി നിർണ്ണയ സമിതി സ്ഥിരീകരിച്ചു. റമദാൻ പ്രമാണിച്ച് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

ദോഹ: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്കൊപ്പം ഖത്തറും നാളെ മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വിശുദ്ധ റമദാനിലേക്ക് പ്രവേശിക്കുന്നു. ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം നാളെ, ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കുമെന്ന് ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിർണ്ണയ സമിതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ദോഹയിലെ മന്ത്രാലയ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

വിശുദ്ധ മാസത്തിന്റെ വരവറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾക്കും റമദാൻ ആശംസകൾ നേർന്നു. മാസപ്പിറവി പ്രഖ്യാപനം വന്നതോടെ ഇന്ന് രാത്രി മുതൽ തന്നെ രാജ്യത്തെ പള്ളികൾ തറാവീഹ് നമസ്കാരത്തിനായി സജ്ജമായിക്കഴിഞ്ഞു. റമദാൻ പ്രമാണിച്ച് സ്കൂളുകളുടെയും സർക്കാർ-സ്വകാര്യ ഓഫീസുകളുടെയും പ്രവൃത്തി സമയത്തിൽ വരുത്തിയ മാറ്റങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ സാംസ്‌കാരിക-കായിക പരിപാടികളാണ് ഖത്തറിൽ ഒരുക്കിയിരിക്കുന്നത്. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ) മാർച്ച് 20-ഓടെ ഉണ്ടാകുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.