Latest Videos

കൊവിഡ് പ്രതിസന്ധി; 12,000 കോടിയുടെ റീഫണ്ട് തുക മുഴുവനും കൊടുത്ത് തീര്‍ത്ത് എമിറേറ്റ്സ്

By Web TeamFirst Published Nov 26, 2020, 3:15 PM IST
Highlights

തിരികെ നല്‍കിയ 630 കോടി ദിര്‍ഹത്തില്‍ 470 കോടിയും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്‍ത ഉപഭോക്താക്കളുടേതായിരുന്നു. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്‍തവര്‍ക്ക് 160 കോടി ദിര്‍ഹമാണ് തിരികെ നല്‍കിയത്. 

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ ഭീമമായ റീഫണ്ട് തുക മുഴുവനും കൊടുത്തുതീര്‍ത്തതായി എമിറേറ്റ്സ് അറിയിച്ചു. ഉപഭോക്താക്കളുടെ റീഫണ്ട് അപേക്ഷകളെല്ലാം പരിശോധിച്ച് ഏപ്രില്‍ മുതലുള്ള 630 കോടി ദിര്‍ഹമാണ് (12,000 കോടിയിലധികം ഇന്ത്യന്‍ രൂപ) തിരികെ നല്‍കിയത്. കഴിഞ്ഞ ഏഴ് മാസങ്ങളിലായി 17 ലക്ഷത്തോളം റീഫണ്ട് അപേക്ഷകളിന്മേലാണ് നടപടികള്‍ എമിറേറ്റ്സ് അധികൃതര്‍ പൂര്‍ത്തിയാക്കിയത്.

തിരികെ നല്‍കിയ 630 കോടി ദിര്‍ഹത്തില്‍ 470 കോടിയും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്‍ത ഉപഭോക്താക്കളുടേതായിരുന്നു. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്‍തവര്‍ക്ക് 160 കോടി ദിര്‍ഹമാണ് തിരികെ നല്‍കിയത്. ഇത്രയധികം അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ സാധിച്ചതില്‍ റീഫണ്ട്, കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ കമ്പനിയോട് കാണിച്ച വിശ്വാസ്യതയ്‍ക്കും അധികൃതര്‍ നന്ദി പറഞ്ഞു.

കൊവിഡിന് മുമ്പുള്ള സമയത്ത് ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ റീഫണ്ട് അപേക്ഷകളും ഫ്ലൈറ്റ് കൂപ്പണ്‍ ചേഞ്ച് റിക്വസ്റ്റുകളും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ അപേക്ഷകളിലും ഏഴ് ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കാനുള്ള ശേഷി ഇപ്പോള്‍ കമ്പനിക്കുണ്ടെന്നും എമിറേറ്റ്സ് പ്രസിഡന്റ് റ്റിം ക്ലാര്‍ക്ക് പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഉടലെടുത്ത ശേഷം റീഫണ്ട് അപേക്ഷകള്‍ വര്‍ദ്ധിച്ചതോടെ ഇവ പരിശോധിക്കാനും തീര്‍പ്പാക്കാനുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടിയിരുന്നു. 110 ജീവനക്കാരാണ് ഇതിനായി മാത്രം നിയോഗിക്കപ്പെട്ടത്.

click me!