
ദുബൈ: ദുബൈയിൽ നിന്ന് പറന്ന എമിറേറ്റ്സ് വിമാനത്തിന് ബോംബ് ഭീഷണി. ദുബൈ-ഹൈദരാബാദ് വിമാനത്തിനാണ് ബോംബ് ഭീഷണി നേരിട്ടത്. ദുബൈയിൽ നിന്ന് ഇന്ത്യൻ നഗരമായ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിന് (EK526) വെള്ളിയാഴ്ച സുരക്ഷാ ഭീഷണി നേരിട്ടതായി എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോർട്ട് ചെയ്തു.
വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് അധികൃതർ തങ്ങളെ അറിയിച്ചതായി എമിറേറ്റ്സ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനെത്തുടർന്ന് എമിറേറ്റ്സിന്റെ ഗ്രൗണ്ട് ടീമുകളുമായി പൂർണ്ണ സഹകരണത്തോടെ സ്റ്റാൻഡേർഡ് സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കി.വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം രാവിലെ 8.30-ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.
സുരക്ഷാ പരിശോധനകൾക്ക് ശേഷം യാത്രക്കാരെ സാധാരണ നിലയിൽ പുറത്തിറക്കി. വിമാനത്തിലെ യാത്രക്കാരുടെയും വിമാനത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലെ അധികൃതർ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചതായി അധികൃതർ വ്യക്തമാക്കി. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് എമിറേറ്റ്സിന്റെ മുഗണനയെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സ് മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഡൽഹി, കൊൽക്കത്ത, തിരുവനന്തപുരം ഉൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam