സൗദി അറേബ്യയിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ വിമാന കമ്പനികള്‍

By Web TeamFirst Published Dec 21, 2020, 6:03 PM IST
Highlights

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ് അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

അബുദാബി: സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി യുഎഇയിലെ വിമാന കമ്പനികള്‍. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവയുടെ സൗദിയിലേക്കുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തലാക്കിയതായി എയര്‍ലൈനുകള്‍ അറിയിച്ചു.

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ് അധികൃതര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു. അബുദാബിയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇത്തിഹാദ് എയര്‍വേയ്‌സും വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്നാണ് സൗദിയിലേക്കുള്ള സര്‍വീസുകള്‍ യുഎഇ വിമാന കമ്പനികള്‍ റദ്ദാക്കിയത്. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവീസുകൾ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

click me!