
ദുബായ്: പ്രാദേശിക സംഘർഷത്തിനിടയിലും 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി എമിറേറ്റ്‌സ് ഗ്രൂപ്പ്. 24.4 ബില്യൺ ദിർഹമാണ് ഗ്രൂപ്പിന്റെ നികുതിക്ക് മുമ്പുള്ള ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനവാണിത്. എമിറേറ്റ്‌സ് എയർലൈൻ മാത്രം 22.8 ബില്യൺ ദിർഹം ലാഭമാണ് നേടിയത്.
എയർലൈന്‍റെ ആകെ വരുമാനം 150.5 ബില്യൺ ദിർഹമാണ് (3% വർധനവ്). 53.2 ദശലക്ഷം പേർ എമിറേറ്റ്‌സിൽ യാത്ര ചെയ്തു. ബ്രാൻഡ് മൂല്യം 27 ശതമാനം വർധിച്ച് 10.6 ബില്യൺ ഡോളറിലെത്തി.
കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഫെബ്രുവരി 28 മുതൽ മേഖലയിലെ സൈനിക നീക്കങ്ങൾ വിമാന സർവീസുകളെ ബാധിച്ചെങ്കിലും ദുബായ് ഗവൺമെന്റിന്റെയും എമിറേറ്റ്‌സിന്റെയും കൃത്യമായ ഇടപെടലിലൂടെ സുരക്ഷിതമായ ആകാശപാതകൾ കണ്ടെത്താൻ സാധിച്ചുവെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.
15 എയർബസ് A350 വിമാനങ്ങൾ കൂടി എമിറേറ്റ്‌സ് നിരയിലുണ്ടായി. ഇതോടെ ആകെ വിമാനങ്ങളുടെ എണ്ണം 277 ആയി. ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം 8 ശതമാനം വർധിച്ച് 1,30,919 ആയി. ഇതിൽ 4,000-ത്തിലധികം പേർ യുഎഇ പൗരന്മാരാണ്. ലോകത്തിലെ ഏറ്റവും വലിയ സ്‌പോർട്‌സ് സ്പോൺസർമാരിൽ ഒന്നായി എമിറേറ്റ്‌സ് മാറി. 2030 വരെ നീളുന്ന പ്രധാന കരാറുകളിൽ ഒപ്പിട്ടു കഴിഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് കൂടുതൽ കരുത്തോടെ എമിറേറ്റ്‌സ് മുന്നേറുമെന്ന് ശൈഖ് അഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam