ലാന്റ് ചെയ്യാന്‍ നിലം തൊട്ടപ്പോള്‍ അപ്രതീക്ഷിതമായി ശക്തമായ കാറ്റ്; മനഃസാന്നിദ്ധ്യം കൈവിടാതെ എമിറേറ്റ്സ് പൈലറ്റിന്റെ നീക്കങ്ങള്‍

By Web TeamFirst Published Dec 5, 2018, 11:12 AM IST
Highlights

വിമാനത്താവളത്തിന് പുറത്തുനിന്ന് ജോനാതന്‍ വിന്റണ്‍ എന്നയാളാണ് വീഡിയോ ചിത്രീകരിച്ചത്. ന്യുകാസില്‍ വിമാനത്താവളത്തില്‍ താന്‍ ആദ്യമായാണ് ഇത്തരമൊരു ലാന്റിങ് കാണുന്നതെന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

ലണ്ടന്‍: സാഹസികമായ ഒരു വിമാന ലാന്റിങിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലാന്റ് ചെയ്യാനായി റണ്‍വേയില്‍ വിമാനം നിലം തൊട്ടപ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായ കാറ്റടിച്ചത്. തുടര്‍ന്ന് മനഃസാന്നിദ്ധ്യം കൈവിടാതെ പൈലറ്റ് വീണ്ടും വിമാനത്തെ തിരികെ ഉയര്‍ത്തി.

ദുബായില്‍ നിന്ന് ലണ്ടനിലേക്ക് പോയ എമിറേറ്റ്സ് വിമാനമാണ് ലാന്റിങിന് തൊട്ടുമുന്‍പ് കാറ്റില്‍ പെട്ടത്. ബോയിങ് 777 വിമാനം റണ്‍വേയില്‍ തൊട്ട് മുന്നോട്ടു നീങ്ങിയപ്പോള്‍ സുരക്ഷിതമായി ലാന്റ് ചെയ്യാന്‍ കഴിയില്ലെന്ന് പൈലറ്റ് തിരിച്ചറിഞ്ഞു. 45 കിലോമീറ്റര്‍ വേഗതയിലാണ് ന്യൂ കാസില്‍ വിമാനത്താവളത്തില്‍ കാറ്റടിച്ചത്. വിമാനം ആടിയുലഞ്ഞതോടെ വീണ്ടും പറന്നുയരാന്‍ പൈലറ്റ് തീരുമാനിച്ചു. ഒരു തവണ കൂടി ആകാശത്ത് വട്ടമിട്ട് പറന്നശേഷം വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.

വിമാനത്താവളത്തിന് പുറത്തുനിന്ന് ജോനാതന്‍ വിന്റണ്‍ എന്നയാളാണ് വീഡിയോ ചിത്രീകരിച്ചത്. ന്യുകാസില്‍ വിമാനത്താവളത്തില്‍ താന്‍ ആദ്യമായാണ് ഇത്തരമൊരു ലാന്റിങ് കാണുന്നതെന്നായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ശക്തമായ കാറ്റില്‍ ആദ്യ ലാന്റിങ് ശ്രമം പരാജയപ്പെട്ടെന്നും തുടര്‍ന്ന് 11.25ന് സുരക്ഷിതമായി ഇ.കെ 35 വിമാനം ലാന്റ് ചെയ്തുവെന്നും എമിറേറ്റ്സ് വക്താവ് അറിയിച്ചു. എഞ്ചിനീയറിങ് വിഭാഗം വിമാനം പരിശോധിച്ചെങ്കിലും തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് അതേ ദിവസം തന്നെ വിമാനം തിരികെ ദുബായിലേക്ക് പറന്നു. മറ്റ് നിരവധി വിമാനങ്ങള്‍ക്കും അതേ ദിവസം ന്യൂ കാസിലില്‍ ലാന്റ് ചെയ്യാന്‍ പ്രയാസം നേരിട്ടിരുന്നു.
 

click me!