നഴ്‍സിങ് മേഖലയിലെ സ്വദേശിവത്കരണം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവും

By Web TeamFirst Published Sep 14, 2021, 10:56 AM IST
Highlights

ആരോഗ്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ 10,000 സ്വദേശി നഴ്‍സുമാരെ നിയമിക്കാനുള്ള പദ്ധതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് മലയാളികളുള്‍പ്പെടെ ഇപ്പോള്‍ യുഎഇയില്‍ ജോലി ചെയ്യുന്നവരുടെ അവസരങ്ങള്‍ കുറയാനിടയാക്കും.

അബുദാബി: യുഎഇയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.

ആരോഗ്യ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ 10,000 സ്വദേശി നഴ്‍സുമാരെ നിയമിക്കാനുള്ള പദ്ധതിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് മലയാളികളുള്‍പ്പെടെ ഇപ്പോള്‍ യുഎഇയില്‍ ജോലി ചെയ്യുന്നവരുടെ അവസരങ്ങള്‍ കുറയാനിടയാക്കും. സ്വദേശി നഴ്‍സുമാരെ നിയമിക്കുന്നതിനായി വിപുലമായ പരിശീലന പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നഴ്‍സിങ് ബിരുദ കോഴ്‍സിന് പുറമെ ഹെല്‍ത്ത് അസിസ്റ്റന്റ്സ്, എമര്‍ജന്‍സി മെഡിസിന്‍ ഹയര്‍ ഡിപ്ലോമ എന്നീ കോഴ്‍സുകളും ആരംഭിക്കുമെന്നും ക്യാബിനറ്റ് അഫയേഴ്‍സ് മന്ത്രി മുഹമ്മദ് അബ്‍ദുല്ല അല്‍ ഗര്‍ഗാവി പുറത്തിറക്കിയ പദ്ധതി രേഖകള്‍ വ്യക്തമാക്കുന്നു.

വന്‍പദ്ധതികളാണ് സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനായി യുഎഇ ഭരണകൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ തൊഴിലുകള്‍ക്കായി 12 മാസം വരെയുള്ള പരിശീലന പരിപാടികള്‍ സ്വകാര്യ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തും. ഇതില്‍ പരിശീലനത്തിനെത്തുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 8000 രൂപയായിരിക്കും ശമ്പളം നല്‍കുക.

നഴ്‍സിങ്, പ്രോഗ്രാമിങ്, അക്കൌണ്ടിങ് പോലുള്ള മേഖലകളില്‍ സ്വകാര്യ രംഗത്ത് ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ച് ആദ്യത്തെ അഞ്ച് വര്‍ഷവും സ്വദേശികള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ നല്‍കും. പ്രതിമാസം പരമാവധി 5000 ദിര്‍ഹം വരെ ഇങ്ങനെ നല്‍കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് മക്കളുടെ പരിചരണത്തിനായി ഓരോ കുട്ടിക്കും 800 ദിര്‍ഹം വീതം നല്‍കും. ഇങ്ങനെ ഒരാളിന് പരമാവധി പ്രതിമാസം 3200 ദിര്‍ഹം വരെ നല്‍കാന്‍ 125 കോടി ദിര്‍ഹം നീക്കിവെയ്‍ക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!